കണ്ണൂര്‍: മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും സമ്പൂര്‍ണ്ണമായി കൃഷി യിറക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള നടീല്‍ ഉത്സവം 15 ന് രാവിലെ 8.30 ന് കയരളം കീഴാലം പാടശേഖരത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
25 പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കല്‍ നടത്തുന്നത്. 1375 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നതിനുളള കര്‍മ്മ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ജില്ലാ-ബ്ലോക്-ഗ്രാമ പഞ്ചായത്തുകളും കൃഷി വകുപ്പും ആത്മ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് നെല്‍കൃഷിയിറക്കുന്നത്.
നെല്‍കൃഷിയെ ശക്തിപ്പെടുത്തുന്നതിനും അരിയുടെ വാണിജ്യാധിഷ്ഠിത വിപണനം നടപ്പിലാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ച മയ്യില്‍ നെല്ലുല്പാദക കമ്പനി പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷിഭൂമി പുരസ്കാരം നേടിയ മലയന്‍കുനി സഹോദരങ്ങളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി ട്രാക്ടര്‍ ഓപ്പറേറ്റര്‍മാരെ ആദരിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം കര്ഷികപരിശീലനവും സെമിനാറും നടക്കും. കാര്‍ഷികസര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജിജു പി അലക്സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വര്‍ഷം രണ്ട് വിളകളിലുമായി ആകെ 750 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നതാണ് ഇപ്രാവശ്യം 1375 ഏക്കറായി വര്‍ദ്ധിക്കുന്നത്. കൃഷിയിട വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ ഉത്പാദനക്ഷമത വര്‍ദ്ധനവും പദ്ധതി ലഷ്യമിടുന്നു. നിലവില്‍ പത്ത് സെന്റിന് നൂറ് കിലോഗ്രാം നെല്ല് എന്നത് 300 കിലോഗ്രാമായി വര്ദ്ധിപ്പിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലേക്കായി കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മയ്യില്‍ പ്രദേശത്ത് ആവശ്യമായ പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ട്. പത്ത് സെന്റിന് മൂന്നൂറ് കിലോ നെല്‍ ഉല്പാദിപ്പിക്കുവാന് ആവശ്യമായ സാങ്കേതിക വിവരങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മണ്ണിന്റെ പോഷകനിലവാരം ഉയര്‍ത്തി കീടരോഗരഹിതമായ തന്ത്രങ്ങള്‍ക്കാണ് പ്രോട്ടോകോള്‍ മുന്‍ഗണന നല്‍കുന്നത്. നെല്‍കൃഷി വ്യാപനത്തിന് പുറമെ ജലസംരക്ഷണം, ജൈവമാലിന്യ സംസ്കരണത്തിലൂടെയുള്ള വളം നിര്‍മാണം, ഗോശാല നിര്‍മാണം എന്നിവയും കര്‍മപരിപാടിയില്‍ വിഭാവനം ചെയ്യുന്നു. വിസ്തൃതി വ്യാപനത്തിലൂടെയും ഉല്പാദനക്ഷമത വര്‍ദ്ധനവിലൂടെയും ലഭിക്കുന്ന അധിക ഉല്പന്നം പ്രാദേശികമായി സംസ്കരിക്കുന്നതിന് മയ്യില്‍ കേന്ദ്രമായി ഒരു മിനി റൈസ് മില്‍ സ്ഥാപിക്കുവാനും പദ്ധതിയുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി.ബാലന്, പി.പി.രമേശന്, ഡോ.പി.ജയരാജ്, ജമീല കുന്നത്ത്, പി.രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: