കണ്ണൂര്‍: നെല്‍കൃഷിയെ ശക്തിപ്പെടുത്തുന്നതിനും അരിയുടെ വാണിജ്യാധിഷ്ഠിത വിപണനം നടപ്പിലാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ച മയ്യില്‍ നെല്ലുല്പാദക കമ്പനി പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും 15 ന് രാവിലെ മയ്യിലില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. മാങ്ങ, തേങ്ങ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി കമ്പനികള്‍ ജില്ലയില്‍ നിലിവലുണ്ടെങ്കിലും നെല്ലുല്‍പ്പാദന വിപണന മേഖലയിലെ ആദ്യ സംരംഭമാണ് കമ്പനി.
മയ്യില്‍ മേഖലയിലെ കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് കമ്പനി. 1500ലധികം കര്‍ഷകര്‍ കമ്പനിയില്‍ അംഗങ്ങളാണ്. കര്‍ഷക കൂട്ടായ്‌മയില്‍ ചെയ്യുന്ന കൃഷിയില്‍ നിന്നും ലഭിക്കുന്ന നെല്ലും അരിയും വാണിജ്യാടിസ്ഥാനത്തില്‍ വിപണനവും കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയുമാണ് കമ്പനികൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. വിത്തിടല്‍ മുതല്‍ വിപണനംവരെ സര്‍ക്കാര്‍ ധനസഹായത്തോടെ കമ്പനി ഏറ്റെടുത്തു നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മയ്യിലിലെ നെല്‍ കര്‍ഷകര്‍ പറയുന്നു.
















