ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ ഹൃദയഭൂമിയാണ്. 403 അംഗനിയമസഭയില്‍ 325 പേരുടെ പിന്തുണയോടെ ബിജെപിയുടെ 49 അംഗമന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിക്കുപുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരടങ്ങുന്നതാണ് മന്ത്രിസഭ. യുപിയുടെ സമഗ്ര വികസനവും എല്ലാവിഭാഗം ജനങ്ങളുടെയുടെയും ക്ഷേമവും ഐശ്വര്യവുമാണ് തന്റെ സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്നാണ് സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. യുപിയില്‍ ജയിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന സത്യം കാലങ്ങളായി നിലനില്‍ക്കുകയാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ വന്‍മുന്നേറ്റമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. നെഹ്രുവും ഇന്ദിരാഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും എസ്.ചന്ദ്രശേഖറും ചരണ്‍സിംഗും പ്രധാനമന്ത്രിസ്ഥാനത്തെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപിയിലെ വരാണസിയുടെ പ്രതിനിധിയാണ്.
20 കോടി ജനങ്ങളും 80 ലോക്സഭാ മണ്ഡലങ്ങളുമുള്ള ഉത്തര്‍പ്രദേശ് രാജ്യത്ത് പലതുകൊണ്ടും പ്രത്യേകത അര്‍ഹിക്കുന്നതാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ദേവനായി ആരാധിച്ചുവരുന്ന ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യ ഉത്തര്‍പ്രദേശിലാണ്. ഗംഗയും യമുനയും കനിഞ്ഞനുഗ്രഹിച്ച ഈ സമതലം കാര്ഷികമേഖലയുമാണ്. ദേശീയ താല്പര്യങ്ങള്ക്ക് ഏറെ പ്രാമുഖ്യം നല്കുന്ന ഉത്തര്‍പ്രദേശിലെ ജനത വൈകിയാണെങ്കിലും അവരുടെ സ്വത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയുടെ ചരിത്രവിജയം തെളിയിക്കുന്നത് അതാണ്.
യുപിയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപി സര്‍ക്കാറാണ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പഞ്ചാബില്‍ അകാലിദളിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയ സര്‍ക്കാരിന് തിരിച്ചുവരാന്‍ കഴിയില്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. അകാലിദള്‍ സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണര്‍ മാത്രമായിരുന്നു ബിജെപി. ഭരണവിരുദ്ധ വികാരത്തിന്റെ തിരിച്ചടി പഞ്ചാബില്‍ ബിജെപിക്കും അനുഭവിക്കേണ്ടിവന്നു. ഗോവയിലും മണിപ്പൂരിലും ബിജെപി ഒന്നാം കക്ഷിയായിരുന്നില്ലെങ്കിലും ബിജെപിമന്ത്രിസഭ രൂപീകരിക്കാന്‍ ചെറുകക്ഷികളും സ്വതന്ത്രന്മാരും മത്സരിച്ച് മുന്നോട്ടുവരികയായിരുന്നു. ഒന്നാം കക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറി കോണ്‍ഗ്രസില്‍ തുടരുകയാണ്.
ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ഗോവയിലും മണിപ്പൂരിലും കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കളായിരുന്നു കോണ്‍ഗ്രസിന്റെ മേല്നോട്ടക്കാരെന്നതും വിസ്മരിച്ചുകൂടാ. ബിജെപിക്കെതിരെ പാര്‍ലമെന്റിലും നിയമസഭയിലും ഉറഞ്ഞുതുള്ളാനല്ലാതെ പാര്‍ലമെന്ററി മര്യാദയുടെ ബാലപാഠംപോലും ഈ നേതാക്കള്‍ക്കില്ലാതെ പോയി എന്നതാണ് ഗോവയും മണിപ്പൂരും തെളിയിച്ചത്.
യുപിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെതിരെ രാഷ്ട്രീയ പ്രതിയോഗികളും ചില മാധ്യമങ്ങളും കുപ്രചാരണം നടത്തുന്നുണ്ട്. 26-ാം വയസ്സില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചുതവണ ഗോരഖ് പൂരില്‍നിന്ന് എംപിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കണക്കുകളില്‍ മാത്രമല്ല ആദിത്യനാഥ് മുമ്പില്‍. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ജനകീയ മുഖവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ കേള്‍ക്കാനെത്തിയത് ആദിത്യനാഥിനെയാണ്. ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിലും ഇത്തവണ ബിജെപി ജയിച്ചതില്‍ ആദിത്യനാഥിന്റെ ജനകീയതയും ഒരു ഘടകമാണ്.
ഹൈന്ദവ മുന്നേറ്റത്തിന്റെയും സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും കേന്ദ്രമാണ് ഗോരഖ്പൂര്‍ ക്ഷേത്രം. അവിടത്തെ മുഖ്യപുരോഹിതനാണ് ആദിത്യനാഥ്. ജനങ്ങളിലേക്കറിങ്ങിച്ചെല്ലുന്ന ആത്മീയ നേതൃത്വമാണ് അദ്ദേഹത്തിന്റേത്. ഉറച്ച നിലപാടുകളാണ് ആദിത്യനാഥിനെ വ്യത്യസ്തനാക്കുന്നത്. പശ്ചിമ യുപിയിലെ കൈരാനയില്‍ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിനെതിരെയും ലൗ ജിഹാദിനെതിരെയും പ്രതികരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷ പരുഷമായിരിക്കും. എന്നാല്‍ മതനിരപേക്ഷനിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു.
സംസ്ഥാനത്തെ ചെറുചലനം പോലും ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ചര്ച്ചയായേക്കാം. ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ ബന്ധമില്ലാതിരുന്ന ‘ദാദ്രി’ എതിരാളികള്‍ ആയുധമാക്കിയത് ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്ര്യവും ക്രമസമാധാനവുമാണ് ഉത്തര്‍പ്രദേശിന്റെ വിഷയം. സമാജ്വാദി പാര്‍ട്ടിയുടെ കഴിഞ്ഞ ഭരണത്തില്‍ നിരവധി കലാപങ്ങളാണ് അരങ്ങേറിയത്. ക്രമസമാധാനം തകര്‍ന്ന സംഭവങ്ങള്‍ രാജ്യത്തിനുതന്നെ നാണക്കേടായി. ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗവും അവിടെയുണ്ട്. എല്ലാവര്ക്കും വികസനമെന്ന മോദി സര്‍ക്കാരിന്റെ മന്ത്രമാകും യുപിയെയും നയിക്കുക.
സംസ്ഥാനത്തെ സാഹചര്യം കൃത്യമായറിയുന്ന ജനകീയനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണ്. ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യത്വപരമായ നിലപാടാണ് ബിജെപി മുന്നില്‍വയ്ക്കുന്നത്. ആ പാതയിലൂടെ സല്‍ഭരണം കാഴ്ചവയ്ക്കാന്‍ പുതിയ നേതൃത്വം തയ്യാറാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: