ഒരുകാര്യം എനിക്കു മനസിലായി. നടനായിക്കഴിയുമ്പോള്‍ പൊതുജീവിതത്തില്‍ നമുക്കു നഷ്ടപ്പെടുന്നത് കുടുംബത്തെയാണ്. ഇനിയും നടന്നുതീര്‍ക്കാന്‍ കതിരും കളയും നിറഞ്ഞ പാടശേഖരങ്ങള്‍ ഇനിയുമുണ്ട്. ഓര്‍മ്മകളുടെ പാടത്തില്‍ ഒരു പകല്‍ അവസാനിക്കുകയാണെന്നു കരുതാം. ഒരു പ്രമുഖ വാരികയില്‍ എഴുത്തുകാരനായ പി.ബാലചന്ദ്രന്റെ ആത്മകഥ ഓര്‍മ്മപ്പാടം അവസാനിക്കുന്നത് ഈ വരികളുടെ തുടര്‍ച്ചയായാണ്.
സിനിമാജാഡയുടെ കേവുഭാരമോ എഴുത്തഹങ്കാരത്തിന്റെ അന്തിമതീര്‍പ്പുകളോ ഇല്ലാത്ത ഒരാളുടെ മനസുനെറിവാണ് ഈ വാക്കുകളില്‍ നിറയുന്നത്. ഇങ്ങനെയൊരു അകമുള്ള ആള്‍ക്കേ മലയാള സിനിമയുടെ എക്കാലത്തേയും ശുദ്ധംചെയ്ത പവിത്രം എന്ന ക്ളാസിക് സിനിമയുടെ തിരക്കഥാകാരനാകാന്‍ കഴിയൂ. മുഷിവിന്റെ മലിനവുമായി ഇരിക്കുമ്പോള്‍ മലയാളിക്ക്് ഗംഗാസ്നാനം പോലുള്ള സിനിമയാണ് ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത പവിത്രം.
കമ്മട്ടിപ്പാടം നമ്മള് ഉത്സവംപോലെ ആഘോഷിച്ചു. ഇപ്പഴും അതിന്റെ വെടിക്കെട്ട് തീര്‍ന്നിട്ടില്ല.വിനായകനിലൂടേയും മണികണ്ഠനിലൂടേയും മലയാള സിനിമ ഒത്തുതീര്‍പ്പുകളുടെ സമതലങ്ങളില്‍നിന്നും വഴിമാറി കറുപ്പും കരുത്തും ഉരുക്കിയൊഴിച്ച് പെരുമാറ്റത്തിന്റെ ഉലയിലൂതിയെടുത്ത വേഷങ്ങള്‍കൊണ്ട് നടനേയും കടന്നുപോകാമെന്നു തെളിയിച്ചു. ഈ നടന്മാര് മലയാളസിനിമയുടെ ഭാവിനടനത്തിന്റെ വിവേക ചൂഡാമണികളാണ്. പക്ഷേ ഈ വഴികളിലൊന്നും പഴയ കമ്മട്ടിപ്പാടത്തെ ഓര്‍മ്മപ്പാടത്തേക്കു തിരിച്ചൊഴുക്കിയ അതിന്റെ തിക്കഥാകൃത്ത് പി.ബാലചന്ദ്രന്റെ നിഴല്‍ ആരും കണ്ടില്ല. അല്ലെങ്കിലും സ്വന്തം നിഴല്‍ അവനവനൊപ്പമല്ലേ കാണൂ.
സ്വന്തം ഇടങ്ങളില്‍ എഴുത്തുകാരന് അറിയപ്പെടാതെ പോകുകയാണ്. എഴുതപ്പെടാതെ പോകുകയാണ്. ലോകസിനിമയിലെ മഹാരഥന്മാരെല്ലാം തിരക്കഥയെന്ന ബലത്തില്‍ ഊന്നുമ്പോള്‍അതിനെ തള്ളിക്കളഞ്ഞ് ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിക്കുന്ന ലൂയി പതിന്നാലാമന്‍മാരും നമ്മുടെ സിനിമയിലുണ്ട്.പൂരത്തിനു തിടമ്പേറ്റാനായി വെറുതെ മസ്തകം പൊക്കാന്‍ ബാലനെകിട്ടില്ലെന്ന്ആത്മകഥതന്നെ സാക്ഷി. നിരയിലില്ലെങ്കിലും മസ്തകപ്പൊക്കമുള്ള കരിവീരന് എപ്പഴും അവന്റെ തിമിര്പ്പു തേടുന്നത് വിപിന വന്യതയുടെ അകത്തളങ്ങളിലാണ്. പി.ബാലചന്ദ്രന് എന്ന എഴുത്തുകാരന് തന്റെ ഉള്ളിലുള്ള അന്വേഷണങ്ങളുടെ സര്‍ഗ പ്രദേശങ്ങളില്‍ ഈ തിരക്കില്‍പ്പെടാതെ അലയുന്നുണ്ടാവണം.
അതെ, എഴുത്തുകാരന്റെ അഹന്തയില്ലാതെ സ്വന്തം നിലവാരത്തിന്റെ സുരക്ഷിതത്വത്തിന്റെ പക്വതയിലാണ് അദ്ദേഹം. കമ്മട്ടിപ്പാടം സംവിധായകന്റെ സിനിമയാണെന്ന് ബാലന്. തിരക്കഥ സംവിധായകനൊരു ടൂള്‍മാത്രം. ഇതൊരു തിരക്കഥാ അവലംബ സിനിമയല്ല. രാജീവ് രവിയും താനുംകൂടി നടത്തിയ ചര്‍ച്ചയാണ് ഇതിനാധാരം. എഴുതപ്പെട്ട തിരക്കഥയുടെ സ്വാഭാവിക വഴിയിലൂടെ പിന്തുടര്‍ന്നുണ്ടായതല്ല ഈ സിനിമ എന്ന് ഈ തിരക്കഥാകൃത്ത് പറയുമ്പോള്‍ അനുഭവങ്ങളുടേയും കാഴ്ചപ്പാടിന്റെയും പെരുക്കത്തില്‍ തിരിച്ചറിഞ്ഞ എഴുത്തുകാരന്റെയും മനുഷ്യന്റെയും വകതിരിവായി മാറുന്നുണ്ടത്.അതെ,ബാലന് പരിഭവമൊന്നുമില്ല.
പവിത്രത്തിനു മുമ്പേ ബാലചന്ദ്രന് എഴുതിയ സിനിമയാണ് ഉള്ളടക്കം. മനസിന്റെ കാന്താര ദേശങ്ങള്‍ വകഞ്ഞുമാറ്റിയ ചിത്രമാണ് ഉള്ളടക്കം. ഇതേ കൈത്തഴക്കത്തിലുണ്ടായതാണ് പുനരധിവാസവും ഇവന് മേഘരൂപനും ഇപ്പോള്‍ ആഘോഷമായ കമ്മട്ടിപ്പാടവും. നടന്, നാടകകൃത്ത്, തിരക്കഥാ കൃത്ത്, സംവിധായകന് എന്നിങ്ങനെ ജ്വാലാമുഖങ്ങളുള്ള തീവെട്ടി കത്തുന്നുണ്ട്് ബാലന്റെ പ്രതിഭയില്‍. ഇനിയും ആ പ്രതിഭ മിന്നലായി മാറും.
സിനിമ സംവിധായകന്റെതാണെന്നും അതല്ല കൂട്ടായ്മയുടേതാണന്നും നമുക്ക് ചര്‍ച്ചചെയ്ത് ജയിക്കാം,തോല്‍ക്കാം. സിനിമ താരങ്ങളുടേതും കൂടിയാണെന്നും നമുക്കു പറയാം. അപൂര്‍മായി അത് വിനായകന്മാരുടേയും മണികണ്ഠമാരുടേതെന്നും. പ്രേക്ഷകന് പ്രത്യക്ഷത്തില്‍ താരങ്ങള്‍മാത്രമാണ് സിനിമ. അത്തരംവേഷങ്ങളേയും കടന്നുപോകുന്നതാണ് സിനിമ. സിനിമയേയും കടന്നുപോകുന്ന ചില എഴുത്തുകാരും നമുക്കുണ്ടായിട്ടുണ്ട്, പത്മരാജന്, ലോഹിതദാസ്, എംടി. അതിന്റെ തുടര്‍ച്ചയില്‍ ഇനിയും പേരുകളുണ്ടാവും. വരരുതെന്നു വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: