ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിന് സാങ്കേതിക പരിഹാരം കണ്ടെത്താന്‍ സുപ്രീംകോടതി സമിതി രൂപീകരിച്ചു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ, ഫേസ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് സമിതി.
പതിനഞ്ചു ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തണമെന്നും ജസ്റ്റിസുമാരായ എം.ബി. ലോകൂര്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 20ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനും ഉദ്ദേശിച്ചാണിത്. ഇന്റര്‍നെറ്റ് ശുദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും ശക്തമായ നിര്‍ദ്ദേശമാണ് സുപ്രീംകോടതിയുടേത്.
സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജയ് കുമാറാണ് സമിതി ചെയര്‍മാന്‍. ബലാത്സംഗ വീഡിയോ, കുട്ടികളുടെ ലൈംഗിക വീഡിയോ തുടങ്ങിയവ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കരുതെന്ന് കോടതി വ്യക്തമാക്കി. അപകീര്‍ത്തികരമായ വീഡിയോകള്‍ നീക്കുന്നത് സാങ്കേതികമായ വെല്ലുവിളിയാണെന്നും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും സിബിഐക്ക് കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗം കോടതിയില്‍ വിശദീകരിച്ചിരുന്നു.
ബലാത്സംഗ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി സുനിതാ കൃഷ്ണന്‍ 2015ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന് കത്തെഴുതിയതിനെ തുടര്‍ന്ന് സുപ്രീംകോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഭുവനേശ്വര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















