കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വിവരങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ച 26 പേരില്‍ 20 പേര്‍ വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വോട്ടര്‍മാരെ വിളിച്ചു വരുത്താന്‍ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോടതിയുടെ സമന്‍സ് വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പോലീസ് സഹായം നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു. ഏതായാലും സുരേന്ദ്രന്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി അംഗീകരിക്കുകയാണെങ്കില്‍ ലീഗിലെ അബ്ദുള്‍ റസാഖിന്റെ വിജയം അസാധുവാകും.
89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് റസാഖ് നിയമസഭയിലേക്ക് എത്തിയത്.
















