ലക്നോ: നരേന്ദ്ര മോദിയും യോഗി ആദിത്യ നാഥും അധികാരസ്ഥാനങ്ങൡ ഇരിക്കുമ്പോള്‍ അയോധ്യ പ്രശ്നത്തില്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനു സാധ്യതയില്ലെന്ന് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി. ഇരുവരില്‍ നിന്നും മുസ്ലീങ്ങള്‍ക്ക് നീതി കിട്ടും എന്നുറപ്പില്ല. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. രാമക്ഷേത്ര പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരാണ്. അതു കൊണ്ടു തന്നെ ഒത്തു ത്ര്പ്പിനുള്ള സാധ്യതകള്‍ മങ്ങുകയാണ്, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സഫര്യാബ് ജിലാനി പറഞ്ഞു.
കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനു മുന്‍കൈയെടുക്കാമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ആക്ഷന്‍ കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജിലാനി.
മുമ്പും കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനു ശ്രമിച്ചതാണ്. എന്നാല്‍ ഫലമുണ്ടായില്ല. ഈ പ്രശ്നത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ മോദിയില്‍ നിന്ന് അതു പ്രതീക്ഷിക്കുന്നില്ല. സുപ്രീം കോടതിയിലൂടെ മാത്രമേ അയോധ്യാ പ്രശ്നത്തിനു പരിഹാരമാവൂ. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണം തര്‍ക്കം പരിഹരിക്കാന്‍.
ചീഫ് ജസ്റ്റീസോ മറ്റേതെങ്കിലും ജഡ്ജിയോ കോടതിയില്‍ പ്രശ്നപരിഹാരത്തിനു മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ജിലാനി പറഞ്ഞു. തര്‍ക്കത്തിലുള്ളവരുടെ അഭിപ്രായമാരായാന്‍ പ്രത്യേക സംഘത്തെ ചീഫ് ജസ്റ്റിസ് നിയോഗിച്ചാല്‍ സഹകരിക്കും. എന്നാല്‍ ഇത്തരം നീക്കങ്ങളെല്ലാം ഇടക്കാല ഉത്തരവിലൂടെ വേണം എന്ന നിലപാടാണ്, ആക്ഷന്‍ കമ്മറ്റിക്കുള്ളതെന്നും ജിലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: