ന്യൂദല്‍ഹി: വിമാനത്തില്‍ അതിക്രമം നടത്തിയ ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്ക് വാദിന് വ്യോമയാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു സഭയില്‍ ഇന്നലെ പ്രസ്താവന നടത്തി.
വിമാനത്തിനുള്ളില്‍ അക്രമം കാട്ടുന്നത് അപകടകരമാണെന്നും നിയമം എല്ലാവര്‍ക്കും ഒരേപോലെയാണെന്നും വ്യോമയാന മന്ത്രി സഭയെ അറിയിച്ചു. എംപിക്ക് വ്യോമയാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേനാ അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രസ്താവന നടത്തിയത്.
തുടര്‍ന്ന് സ്പീക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഒരു എംപിക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ട്രെയിനില്‍ കയറി വരികയെന്നത് പലപ്പോഴും അസാധ്യമാണെന്നും വ്യോമയാത്രാ നിരോധനം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച നടക്കണമെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന
















