ന്യൂദല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരം അക്രമാസക്തമായതിലെ കോണ്‍ഗ്രസ്സിന്റെ പങ്ക് വ്യക്തമാകുന്നു. പോലീസ് സ്‌റ്റേഷന് തീയിടാന്‍ പ്രതിഷേധക്കാരോട് കോണ്‍ഗ്രസ് എംഎല്‍എ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. സമരത്തില്‍ സജീവമായി ഇടപെടുന്ന ശകുന്തള ഖാദിക്കാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. പോലീസ് സ്‌റ്റേഷന്‍ തീയിട്ട് നശിപ്പിക്കാന്‍ പ്രസംഗത്തിനിടെ നിരവധി തവണ ശകുന്തള ആവശ്യപ്പെടുന്നുണ്ട്.
പ്രസംഗം അവസാനിപ്പിച്ച് പോകാന്‍ സമീപത്തുള്ള പോലീസുകാരന്‍ അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. ബിജെപി വക്താവ് തേജീന്ദര്‍ ബഗ്ഗ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിന്റെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. രണ്ട് മണിക്കൂറിനുള്ളില്‍ 1,200 തവണ റീ ട്വീറ്റ് ചെയ്യപ്പെട്ടു. നവമാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനം കോണ്‍ഗ്രസ്സിനെതിരെ ഉയരുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന മന്ദ്‌സൗറില്‍നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ശിവപുരി ജില്ലയാണ് ശകുന്തളയുടെ നാട്. തെളിവടക്കം വീഡിയോ പുറത്തുവന്നിട്ടും ശകുന്തള ആരോപണം നിഷേധിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും പോലീസിന്റെ വിലക്ക് മറികടന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ജീതു പത്‌വാരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സന്ദീപ് സോണിയെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. കര്‍ഷക സമരത്തെ മുതലെടുത്ത് ചിലര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രകോപനമുണ്ടാക്കി. പൊതുയോഗങ്ങളില്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്തു. പന്ത്രണ്ടോളം ട്രക്കുകളും നിരവധി പോലീസ് വാഹനങ്ങളും തകര്‍ത്തു. ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അക്രമം തടയാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ ഇളവ് ചെയ്തിട്ടുണ്ട്.
















