മെല്‍ബണ്‍: അര്‍ജന്റീനയുടെ കോച്ചായി ചുമതലയേറ്റ ജോര്‍ജ് സാംബോളിക്ക് ആദ്യ മത്സരത്തില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് മെസ്സിപ്പട കീഴടക്കി. 95,000ലേറെ കാണികളെ സാക്ഷിയാക്കി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഗബ്രിയേല്‍ മക്കാര്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച ഗോള്‍ പിറന്നത്. എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസ് നിക്കോളാസ് ഒട്ടമന്‍ഡി ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ചു വന്നു. പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന മക്കാര്‍ഡി അവസരം പാഴാക്കി ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് ഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ താരങ്ങള്‍ പതിനെട്ടടവും പയറ്റിയെങ്കിലും അര്‍ജന്റീന പ്രതിരോധവും ഗോളിയും വിട്ടുകൊടുത്തില്ല. ഇടയ്‌ക്ക് പോസ്റ്റും ക്രോസ് ബാറും ബ്രസീലിന്റെ സമനില ഗോളിന് വിലങ്ങുതടിയായി നിലയുറപ്പിച്ചു.
പരിശീലകനെന്ന നിലയില്‍ ആദ്യ മത്സരത്തിനിറങ്ങിയ സാംപോളി ബ്രസീലിനെതിരെ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി, ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, പൗലൊ ഡൈബാല, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ ഇടം നേടി. അതേസമയം സൂപ്പര്‍താരം നെയ്‌മറില്ലാതെയാണ് ബ്രസീല്‍ കളത്തിലെത്തിയത്. നെയ്‌മറുടെ അഭാവത്തില്‍ ഗബ്രിയേല്‍ ജീസസ്, വില്ല്യന്‍, ഫിലിപ്പെ കുടിഞ്ഞോ എന്നിവരായിരുന്നു ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്.
ഇവര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം അവരെ വിടാതെ പിന്തുടരുകയായിരുന്നു. തോല്‍വിയോടെ പരിശീലകന്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ നടത്തിയ അപരാജിത മുന്നേറ്റങ്ങള്‍ക്കും അവസാനമായി. തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ക്കുശേഷം ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.
















