ലണ്ടന്‍: ടീം ഇന്ത്യയുടെ പരിശീലകനായി അനില്‍ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതി ഇന്ത്യ-ശ്രീലങ്ക മത്സരം കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
കുംബ്ലെയും ക്യാപ്റ്റന്‍ കോഹ്‌ലിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സമവായത്തിന്റെ സാധ്യത തേടുന്നതിനാണ് ഉപദേശക സമിതി അംഗങ്ങള്‍ക്ക് താല്പര്യമെന്നാണ് സൂചന.
നിലവിലെ പരിശീകന്‍ അനില്‍ കുംബ്ലെ തുടരട്ടെ എന്നാണ് സമിതിയുടെ നിലപാട്. ടീമിന്റെ മികച്ച പ്രകടനത്തില്‍ കുംബ്ലെയുടെ പങ്ക് തള്ളിക്കളയരുതെന്നും സമിതിക്ക് അഭിപ്രായമുണ്ട്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയും സമിതി യോഗത്തില്‍ സംബന്ധിച്ചു.
പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ ട്രാക്ക് റെക്കോര്‍ഡ് അവഗണിക്കുന്നതിനോട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കും ബിസിസിഐയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും യോജിപ്പില്ല.
കോഹ്‌ലിയും കുംബ്ലെയും വിട്ടുവീഴ്ചക്ക് തയ്യാറാകുകയാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അതിലേറെ ഗുണകരമായി മറ്റൊന്നും സംഭവിക്കാനില്ലെന്നും വിലയിരുത്തലുണ്ട്. ഇതിനായി വിരാട് കോഹ്‌ലിയുമായും ബിസിസിഐ ഭരണസമിതിയുമായും ചര്‍ച്ച നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഇതിനിടെ മുന്‍ ഡയറക്ടര്‍ രവിശാസ്ത്രിയെ പരിശീലക സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹം കോഹ്‌ലി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് സച്ചിനുമായും ലക്ഷ്മണുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്‌ലി ഈ ആവശ്യം മുന്നോട്ടുവച്ചത്.
















