കൊല്‍ക്കത്ത: ഐസിഎസ്ഇ അഞ്ചും എട്ടും ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2018 മുതല്‍ ബോര്‍ഡ് പരീക്ഷ നടത്തുമെന്ന് കൗണ്‍സില്‍ സിഇഒ ജെറി അര്‍ത്തൂണ്‍ പറഞ്ഞു. ജയമോ തോല്‍വിയോ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് തലത്തില്‍ പുരോഗതി ഉണ്ടാവാനുള്ള പരിശീലനം മാത്രമായിരിക്കും ഇത്.
സംസ്‌കൃതം, യോഗ, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ മൂന്ന് വിഷയങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും സിഇഒ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലാണ് യോഗയും പെര്‍ഫോമിങ് ആര്‍ട്‌സും നിര്‍ബന്ധമുള്ളത്. അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സംസ്‌കൃതവും നിര്‍ബന്ധമാണ്.
2017ലെ ഐസിഎസ്ഇ, ഐഎസ്ഇ ഫലങ്ങളില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികവ് പുലര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 12ാം ക്ലാസില്‍ 99.5ശതമാനം വിജയമുണ്ടായതായും സിഇഒ വ്യക്തമാക്കി.
















