ന്യൂദല്‍ഹി: ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ‘ഖേലോ ഇന്ത്യ ഡയലോഗ് – ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ‘ സംവാദ പരിപാടി സംഘടിപ്പിക്കുന്നു. രാജ്യത്തെ 1500ത്തിലധികം കേന്ദ്രങ്ങളിലായി കായികതാരങ്ങളെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കിയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
രാജ്യത്തിന്റെ ഭാവി കായിക മുന്നേറ്റങ്ങളെക്കുറിച്ചും യുവജന ക്ഷേമ പദ്ധതികളെക്കുറിച്ചുമുള്ള ചിന്തകളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് പങ്കുവെക്കാന്‍ വളര്‍ന്നുവരുന്ന കായികപ്രതിഭകള്‍ക്ക് ഈ സംരംഭം അവസരമൊരുക്കും. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, എന്‍ഐടി, എന്നിവയ്‌ക്ക്എ പുറമെ, എയിംസ്, പ്രമുഖ മെഡിക്കല്‍ കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയും ഈ പരിപാടിയില്‍ അണിചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെര്‍ച്വല്‍ അഭിസംബോധനയോടെയാകും പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം നേരിട്ടുള്ള പരിപാടികള്‍ ആരംഭിക്കും.
പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, പി. ആര്‍. ശ്രീജേഷ്, ദീപാ കര്‍മാകര്‍, സൈന നെഹ്വാള്‍, ഗഗന്‍ നാരംഗ്, മേരി കോം, ബൈചുങ് ഭൂട്ടിയ, പുല്ലേല ഗോപീചന്ദ്, കര്‍ണം മല്ലേശ്വരി, മീരാബായ് ചാനു എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ കായികപ്രതിഭകളും പ്രശസ്ത ക്രിക്കറ്റ് താരങ്ങളും യുവാക്കളുമായി സംവദിക്കും. കായിക ജീവിത യാത്രയും പ്രതിസന്ധികളും അനുഭവങ്ങളും അവര്‍ പങ്കുവെക്കും. കായികതാരങ്ങള്‍ക്ക് പുറമെ ജനപ്രതിനിധികളുടെ മികച്ച പങ്കാളിത്തവും ഈ പരിപാടിയില്‍ ഉണ്ടാകും. പരിപാടിയുടെ ഭാഗമായി ‘വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ക്വിസ്’ സംഘടിപ്പിക്കും. യുവാക്കളെ ‘മൈ ഭാരത്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
















