എലപ്പുള്ളി : പഞ്ചായത്തിലെ അനധികൃത ക്വാറികളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന.
മൂന്നു ക്വാറികളില്‍ നിന്നായി മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. ക്വാറിയില്‍ നിന്നുള്ള കരിങ്കല്ല് നിര്‍മാണ മേഖലയിലേകു കടത്തുന്നതിനിടെ പിടിച്ചെടുത്ത എട്ടു ട്രാക്ക്ട്ടറുകളും ഇതില്‍പ്പെടും.
ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് സിഐ ആര്. ഹരിപ്രസാദ്, എസ്ഐ റിന്‍സ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്വാറകളില്‍ പരിശോധന നടത്തിയത്. നാട്ടുകാരരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാതിയെ തുടര്‍ന്ന് എലപ്പുള്ളി വില്ലേജ് ഓഫിസര്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരെ നടപടിയെടുത്തെങ്കിലും ഇതു വകവയ്ക്കാതെ വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു.
ഇതേ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ എന്‍.ജി. ഭരത് താലൂക്ക് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ക്വാറി ഉടമകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പാറപ്പൊടിക്കല് തുടര്‍ന്നതോടെ റവന്യു ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമകള്‍ വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വിശദ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു കൈമാറുമെന്നും എസ്ഐ ആര്. ഹരിപ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: