നെടുങ്കണ്ടം: കമ്പംമെട്ട് ചെക്‌പോസ്റ്റിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി കേരളവും തമിഴ്‌നാടും ചേര്‍ന്ന് സംയുക്ത സര്‍വ്വേ ആരംഭിച്ചു. ഇന്നലെ കമ്പംമെട്ട് വനംവകുപ്പ് ഓഫീസില്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, തേനി ആര്‍ഡിഒ രവിചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്. കമ്പംമെട്ട് ചെക്‌പോസ്റ്റിന് സമീപം തമിഴ്‌നാടുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സര്‍വ്വേ. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക് 12 മുതല്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.
തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും തേനി ആര്‍ഡിഒ ആണ് സര്‍വ്വേയ്‌ക്ക് നേതൃത്വം നല്‍കുന്നത്. സര്‍വ്വേ നടക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പോലീസും അതിര്‍ത്തിയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. കമ്പംമെട്ട് ചെക്‌പോസ്റ്റിന് സമീപത്ത് നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള സര്‍വ്വേ കല്ലില്‍ നിന്നാണ് ഇരുസംസ്ഥാനങ്ങളും, സബ് കളകടറുടെയും, ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ സര്‍വ്വേ ആരംഭിച്ചത്. ഇരുസംസ്ഥാനങ്ങളുടെയും റവന്യൂ അധികൃതരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നത്.
















