ശ്രീലോകയും കുഞ്ഞിക്കിളികളും
കുന്നംകുളം: കഴിഞ്ഞ ദിവസം അയല്‍പക്കത്തെ വീട്ടിലെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെയാണ് അഞ്ച് കുഞ്ഞിക്കി ളികളെ കണ്ടെത്തിയത്. പറക്കമുറ്റാത്ത കുഞ്ഞിക്കിളികളെ എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ സങ്കടപ്പെട്ടപ്പോഴാണ് ശ്രീലോക സംരക്ഷണം ഏറ്റെടുത്തത്. ഇപ്പോള്‍ അവരുടെ അമ്മയാണ് ആര്യ, ലോകാശ്രമത്തിലെ ശ്രീലോക എന്ന എട്ടു വയസ്സുകാരി. വെള്ളവും തീറ്റയും നല്‍കി അവരെ സംരക്ഷിക്കുകയാണിപ്പോള്‍ ഈ കുരുന്ന്.
ആര്യലോക് ആശ്രമത്തിലെ ആര്യമഹര്‍ഷിയുടെ ഇളയമകളും കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിനിയുമാണ് ശ്രീലോക. വീടിനു മുന്നിലെ കുഞ്ഞി മരത്തിനു മുകളില്‍ കൂട് വെച്ച് അഞ്ച് കിളികളെയും പാര്‍പ്പിരിക്കുകയാണ്. പുലര്‍ച്ചെ തന്നെ കലശമലയിലെ കുന്നിന്മുകളില്‍ ശ്രീലോക കിളിക്കുഞ്ഞുങ്ങളുടെ അമ്മയെ തിരഞ്ഞു നടക്കും. മരച്ചില്ലകള്‍ അകത്തി പിടിച്ച് പറന്നുപോകുന്ന കിളികള്‍ക്ക് കാണാന്‍ പാകത്തില്‍ കൂട് നിരത്തിവെക്കും. ശ്രീലോക വെള്ളവുമായെത്തുമ്പോള്‍ കൊക്ക് തുറന്ന് കുഞ്ഞു കിളികള്‍ അവളുടെ കൈക്കുമ്പിളിലേക്ക് തലനീട്ടും.
കുഞ്ഞിക്കിളികളെ കളിപ്പിച്ചും വെള്ളം കൊടുത്തും മരത്തിന് അടുത്ത് തന്നെ കൂട്ടിരിക്കും, കുഞ്ഞുങ്ങളെ റാഞ്ചാന്‍ പരുന്തോ മറ്റോ വന്നാലോ. കലശമലയുടെ താഴ്‌വാരെത്തെങ്ങോ ഇവരുടെ അമ്മക്കിളി കുഞ്ഞുങ്ങളെ തേടി അലയുന്നുണ്ടെന്നറിയാം.
അവളെത്തുംവരെ കാവലിരിക്കാനാണ്ശ്രീലോകയുടെ ഇഷ്ടം. രാത്രിയില്‍ അമ്മക്കിളി കുഞ്ഞുങ്ങളെ കാണാതെ കരയുന്നുണ്ടോ എന്ന് കാതോര്‍ത്ത് വരാന്തയിലെ ഇരുട്ടില്‍ പതുങ്ങിയിരിക്കും. തന്റെ കുഞ്ഞുങ്ങള്‍ക്ക് അപ്പവുമായി പാവം അമ്മക്കിളി വന്നോ എന്ന് പരിസരവാസികളോടും ശ്രീലോക അന്വേഷിക്കുന്നുണ്ട്.
















