കൊച്ചി: മഞ്ചേശ്വരത്തെ പിബി അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ 259 വോട്ടര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവര്‍ വോട്ടു രേഖപ്പെടുത്തിയോയെന്ന് പരിശോധിക്കാന്‍ ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഹാജരാകാന്‍ കഴിയുന്ന തരത്തില്‍ സമന്‍സ് അയക്കാനാണ് നിര്‍ദേശം.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നും ഇവ അസാധുവാക്കിയാല്‍ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയിലെത്തിയത്.
വിദേശങ്ങളിലുള്ളവരുടെ പേരില്‍ വോട്ടു ചെയ്തിട്ടുണ്ടോയെന്നറിയാന്‍ എമിഗ്രേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും. നേരത്തെ ഹര്‍ജിയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ 24 ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെയും 43 പ്രിസൈഡിംഗ് ഓഫീസര്‍മാരുെടയും തെളിവെടുപ്പ് ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് 259 വോട്ടര്‍മാരോട് സമന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്. മാത്രമല്ല, ആരോപണ വിധേയമായ ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ പരിശോധിക്കാനായി എറണാകുളം കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
















