തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നവജാതശിശുവിന് രക്തം മാറിനല്‍കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടി. ഇവരെ തത്സ്ഥാനത്ത് നിന്നുമാറ്റി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വേഷണസംഘം ഇവരെ മാറ്റണമെന്ന് ശുപാര്‍ശ നല്‍കി.
പ്ലേറ്റ്ലെറ്റ് എന്ന രക്തഘടകമാണ് കുഞ്ഞിന് മാറി നല്‍കിയത്. ഇത് സാധാരണയായി രോഗികള്‍ക്ക് യാതൊരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും വരുത്തില്ല. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണ് നടപടിയെടുക്കാന്‍ അന്വേഷണസംഘം ശുപാര്‍ശ നല്‍കിയതെന്നു മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രണ്ടു കുഞ്ഞുങ്ങളും അവരവരുടെ അസുഖങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്നതായി അന്വേഷണസംഘം വിലയിരുത്തി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ടിന്റെ ഓഫീസ് അറിയിച്ചു.
















