തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിന്റെ യാത്ര നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറില്‍. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയാണ് കേന്ദ്രവിജ്ഞാപനത്തിന് വില കല്പിക്കാതെ ബീക്കണ്‍ ലൈറ്റ് വച്ച കെഎല്‍ 01 എയു 5566 നമ്പരിലുള്ള സ്വന്തം ഇന്നോവ കാറില്‍ യാത്ര ചെയ്യുന്നത്.
ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നത് ഒരുമാസം മുമ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആദ്യം ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി മാതൃകയായി. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേറ്റ ദിവസം മുതല്‍ ഇന്നുവരെ രമണ്‍ ശ്രീവാസ്തവ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിട്ടില്ല.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഇദ്ദേഹം യാത്രചെയ്യുമ്പോള്‍ ബീക്കണ്‍ ലൈറ്റ് കാറിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന് നേരിട്ട് നടപടി സ്വീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെടുമ്പോള്‍ ഔദ്യോഗികമായി ഓഫീസും വാഹനവും വേണ്ടെന്നായിരുന്നു ശ്രീവാസ്തവ സര്‍ക്കാരിനെ അറിയിച്ചത്. സ്വന്തം വാഹനം ഉപയോഗിച്ചുകൊള്ളാമെന്നും അതിന് ഒരു ഡ്രൈവറെ മാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവില്‍ ക്രമസമാധാന ചുമതലയുള്ള പോലീസിനും ആംബുലന്‍സിനും മാത്രമേ ട്രൈ കളര്‍ (ത്രിവര്‍ണ-ചുവപ്പും നീലയും വെള്ളയും) ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ. അതും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അനുമതിയോടെ മാത്രം. മുമ്പ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാന പരിധിയിലായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനത്തിലൂടെ അതിന് മാറ്റം വരുത്തി.
ഇപ്പോഴത്തെ നിയമമനുസരിച്ച് ട്രൈ കളര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സര്‍ക്കാര്‍ മുദ്രയുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കണം. കേരള സര്‍ക്കാരിന്റെ വാഹനങ്ങളില്‍ പതിക്കാനുള്ള സ്റ്റിക്കറിന്റെ മാതൃക സി-ഡിറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് അനുമതി നല്കണമോ എന്ന കാര്യം ഗതാഗതവകുപ്പ് പരിഗണിച്ചുവരികയാണ്.
















