കൊച്ചി: തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ കീഴേടം കണക്കന്നൂര്‍ ശിവക്ഷേത്രത്തിലെ പ്രഭാമണ്ഡലത്തില്‍ നിന്ന് വെള്ളി നഷ്ടമായതിന്റെ ബാദ്ധ്യത ക്ഷേത്രത്തിലെ കഴകക്കാരനുമേല്‍ ചുമത്തരുതെന്ന് ഹൈക്കോടതി.
ക്ഷേത്രത്തിലെ വിഗ്രഹത്തിനോടു ചേര്‍ന്നുള്ള പ്രഭാമണ്ഡലത്തില്‍ നിന്ന് 134 ഗ്രാം വെള്ളി നഷ്ടമായ സംഭവത്തില്‍ ബാദ്ധ്യത ചുമത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് കഴകക്കാരന്‍ പുതുക്കോട് സ്വദേശി പി. ലക്ഷ്മണന്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
കണക്കന്നൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യ കഴകക്കാരനായിരുന്നു റിട്ട. എന്‍ജിനീയര്‍ കൂടിയായ ലക്ഷ്മണന്‍. ഇയാളുടെ കുടുംബക്കാര്‍ മുപ്പതു വര്‍ഷത്തിലേറെയായി ഇവിടത്തെ കഴകക്കാരാണ്.
പ്രഭാമണ്ഡലത്തില്‍ ഒന്നര കിലോയോളം ചെമ്പും അരക്കിലോ വെള്ളിയുമുണ്ടായിരുന്നെന്നും കഴകക്കാരന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഇതില്‍ നിന്ന് 134 ഗ്രാം വെള്ളി നഷ്ടപ്പെട്ടുവെന്നുമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍.
എന്നാല്‍, ലക്ഷ്മണന്‍ നേരത്തെ ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു. കഴകക്കാരന്റെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിച്ച് ദേവസ്വം ബോര്‍ഡ് അനുവദിച്ച 1,000 രൂപ പ്രതിമാസ പെന്‍ഷനും ക്ഷേത്രത്തിനു നല്‍കി.
ഇങ്ങനെ സംഭാവന നല്‍കിയ തനിക്കെതിരെ വെള്ളി നഷ്ടപ്പെട്ട സംഭവത്തില്‍ ബാദ്ധ്യത ചുമത്തുന്നത് സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരനെതിരെ ബാദ്ധ്യത ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു.
















