ന്യൂദല്‍ഹി: മമതയുടെ ഭരണത്തിനും ബിജെപിയുടെ മുേന്നറ്റത്തിനുമിടയില്‍ ബംഗാളില്‍ സിപിഎമ്മിന് പുതിയ തലവേദന-തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ തൃണമൂല്‍ കോഗ്രസ്സിലേക്ക് ചേക്കേറുന്നു. അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുകൊണ്ടിരിക്കെ കഷ്ടപ്പെട്ട് ജയിപ്പിക്കുന്നവരും പാര്‍ട്ടി വിടുന്നതിന്റെ ആഘാതത്തിലാണ് സംസ്ഥാന നേതൃത്വം.
2011 മുതല്‍ ഇത് പാര്‍ട്ടിയെ കുഴക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത ആശങ്കയിലാണ് സിപിഎം. എംഎല്‍എമാരായ ദിപാലി ബിശ്വാസ്, ഛായ ദോലൂയി, നഗരസഭാംഗം ഇസ്ലാം റഫീഖുള്‍ തുടങ്ങിയവര്‍ തൃണമൂലില്‍ ചേര്‍ന്ന സിപിഎം ജനപ്രതിനിധികളില്‍ പ്രധാനികളാണ്.
അടുത്ത വര്‍ഷമാണ് ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അരലക്ഷം സ്ഥാനാര്‍ത്ഥികളെയെങ്കിലും സിപിഎമ്മിന് രംഗത്തിറക്കേണ്ടി വരും. ജയിക്കുന്നവരില്‍ എത്രപേര്‍ പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് പറയാനാകില്ല. സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുന്ന അവസ്ഥയിലാണ് സിപിഎം. ഇതിനിടെ ജയിക്കുന്നവര്‍ പോലും തൃണമൂലിനൊപ്പം ചേരുന്നത് താങ്ങാനാകുന്നില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ആശങ്ക പങ്കുവെച്ചു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായമുയര്‍ന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് സിപിഎമ്മിന് നിര്‍ണ്ണായകമാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നേരിട്ടടപെടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിനായി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമീണ മേഖലയിലെ പാര്‍ട്ടി യൂണിറ്റുകളില്‍ പിടിമുറുക്കുന്നതിന് ലോക്കല്‍, സോണല്‍ കമ്മറ്റികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഇവ ഏരിയ കമ്മറ്റികളുമായി ലയിപ്പിക്കും. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംസ്ഥാന ഘടകത്തിന് സ്വാധീനിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. മമതയുടെ അടിച്ചമര്‍ത്തലിന് പുറമെ ബിജെപി പ്രധാന പ്രതിപക്ഷമായി വളരുന്നതും സിപിഎമ്മിനെ ആശങ്കയിലാക്കുന്നു.
















