പാട്യാല: ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറി. പുരുഷന്മാരുടെ ഹൈജമ്പില്‍ ദേശീയ റെക്കോര്‍ഡുകാരനായ ദല്‍ഹിയുടെ തേജസ്വിന്‍ ശങ്കറെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി കര്‍ണാടകയുടെ ബി. ചേതന്‍ പൊന്നണിഞ്ഞു. 2.18 മീറ്ററാണ് ചേതന്‍ താണ്ടിയ ഉയരം. അതേസമയം തേജസ്വിന് 2.10 മീറ്റര്‍ ചാടാനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 2.26 മീറ്റര്‍ ചാടി തേജസ്വിന്‍ അത്ഭുതം സൃഷ്ടിച്ചിരുന്നു. 2.18 മീറ്റര്‍ ചാടിയ ഹരിയാനയുടെ അജയ്‌കുമാര്‍ വെള്ളിയും മഹാരാഷ്‌ട്രയുടെ സര്‍വേഷ് ഖുഷ്‌റെ 2.13 മീറ്റര്‍ ചാടി വെങ്കലവും നേടിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷയായ ജിയോ ജോസിന് 2.05 മീറ്ററുമായി ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം കേരളം ഇന്നലെ ഒന്നു വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടി. വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ എന്‍.വി. ഷീന 13.31 മീറ്റര്‍ ചാടി േകരളത്തിനായി സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളിയും വെങ്കലവും പോള്‍വോള്‍ട്ടില്‍ നിന്ന്. 3.70 മീറ്റര്‍ ചാടി കര്‍ണ്ണാടകയുടെ കെ.എം. സംഗീത സ്വര്‍ണ്ണം നേടിയ ഇനത്തില്‍ 3.60 മീറ്റര്‍ ചാടി കെ.സി. ദിജ വെള്ളിയും ഇതേ ഉയരം തന്നെ കീഴടക്കിയ മരിയ ജയ്‌സണ്‍ വെങ്കലവും നേടുകയായിരുന്നു.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ മൂന്ന് മെഡലുകളും യുപിക്ക്. ഉത്തര്‍പ്രദേശിന്റെ ദേശീയ ചാമ്പ്യന്‍ സുധ സിങ് സ്വര്‍ണ്ണവും പരുള്‍ ചൗധരി വെള്ളിയും ചിന്ത യാദവ് വെങ്കലവും നേടി.
















