കണ്ണൂര്‍: എന്തു തന്നെ ഹൈടെക് ആയാലും നല്ല കെട്ടിടങ്ങളോ സൗകര്യങ്ങളോ അല്ല ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകരാണ് മികച്ച സ്‌കൂളുകളെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ തളാപ്പ് ഗവ. മിക്‌സഡ് യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകരുടെ പ്രയത്‌നവും ആത്മാര്‍ത്ഥയുമാണ് വിദ്യാര്‍ത്ഥികളെ ഉന്നതിയിലെത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം ഏതൊരു കുട്ടിയുടെയും ജന്മാവകാശമാണെന്ന് അംഗീകരിക്കപ്പെട്ടു. ജാതിയുടെയൊ മതത്തിന്റെയൊ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അവസ്ഥ മാറിയിരിക്കുന്നു. സിവില്‍ സര്‍വീസ് വിജയികളില്‍ ധാരാളം മലയാളികള്‍ ഉള്‍പ്പെട്ടത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മികവിന്റെ പടവുകളിലെത്തി നില്‍ക്കുന്ന തളാപ്പ് മിക്‌സഡ് സ്‌കൂളിന്റെ മാറ്റം അത്ഭൂതാവഹമാണെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.
ചടങ്ങില്‍ പ്രധാനാദ്ധ്യപകന്‍ സി.ശശീന്ദ്രന്‍, മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷാഹിന മൊയ്ദീന്‍, എ.ഇ.ഒ. കെ.വി. സുരേന്ദ്രന്‍, ബി.പി.ഒ. കൃഷ്ണന്‍ കുരിയ, കെ.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കലാ മണ്ഡലം മണി വാസുദേവ ചാക്യാരുടെ നേതൃത്വത്തില്‍ ചാക്യാര്‍ കൂത്തും അവതരിപ്പിച്ചു. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോന്‍മെന്റ് ടി.പത്മാനഭന്‍ വിതരണം ചെയ്തു. പുതിയ എല്‍.കെ.ജി. ബ്ലോക്കിന്റെ ഉദ്ഘാടനം എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
















