കണ്ണൂര്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടിയെത്തുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ജില്ലയില്‍ വന്‍ വര്‍ദ്ധന. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പലതിലും പുതുതായി എത്തുന്നവരെ ഉള്‍ക്കൊള്ളാനാവാത്ത നിലയുണ്ട്. ആവശ്യത്തിന് ക്ലാസ് സൗകര്യമില്ലാത്ത പല സ്‌കൂളുകളും പ്രവേശനം ഇതിനകം തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളെത്തുടര്‍ന്നാണ് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. തിരികെ തിരുമുറ്റത്തേക്ക് എന്ന പേരില്‍ ജില്ലാ പഞ്ചായത്തും ജില്ലാ വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പയിന്‍ ജില്ലയുടെ പല മേഖലകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം തേടാന്‍ കാരണമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിന് രക്ഷിതാക്കളിലും പൊതുജനങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു. തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ 140 കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത്. വെള്ളൂര്‍ ജിഎല്‍പിയില്‍ 110 കുട്ടികളും പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്‌കൂളില്‍ 108 കുട്ടികളാണ് പുതുതായി ചേര്‍ന്നത്. മയ്യില്‍ എല്‍പിയില്‍ 118 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് എത്തിയത്. ഇതില്‍ സെന്റ് ജോണ്‍സ്, വെള്ളൂര്‍ ജിഎല്‍പി എന്നിവിടങ്ങളില്ലൊം ക്ലാസ് സൗകര്യങ്ങളുടെ പരിമിതി കാരണം പ്രവേശനം അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ഏഴ് കുട്ടികള്‍ മാത്രമുണ്ടായിരുന്ന കാഞ്ഞിരങ്ങാട് കൃഷ്ണമാരാര്‍ എഎല്‍പി സ്‌കൂളില്‍ ഈ വര്‍ഷം 77 വിദ്യാര്‍ഥികളാണ് ആദ്യാക്ഷരം നുകരാന്‍ ചേര്‍ന്നിരിക്കുന്നത്. മാനേജര്‍ നാട്ടുകാരുടെ കമ്മറ്റിക്ക് കൈമാറിയ സ്‌കൂളാണ് ഇത്. രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന പ്രകടമാണ്. മൊകേരി ഈസ്റ്റ് യുപി യില്‍ രണ്ടു മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്ക് 65 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ചേര്‍ന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ അണ്‍എയിഡഡ് സ്‌കൂളുകളില്‍ നിന്ന് വിടുതല്‍ നേടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ പ്രവണത കാണിക്കുന്നത്.
















