കോട്ടയം: എന്‍സിപിയില്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവരും സംസ്ഥാന ട്രഷറര്‍ മാണി സി.കാപ്പനെ പിന്തുണയ്‌ക്കുന്നവരും തമ്മിലുള്ള പോരു മുറുകി. ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവര്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തി മാണി സി കാപ്പനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
മാണി സി കാപ്പനെ അനുകൂലിക്കുന്നവര്‍ അഖിലേന്ത്യാ നേതൃത്വത്തിന് പരാതിയും നല്‍കി. ഉഴവൂര്‍ വിജയനെ നീക്കണമെന്നാവശ്യപ്പെട്ട് കാപ്പന്‍ വിഭാഗവം അഖിലേന്ത്യ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് പ്രസംഗിക്കുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആക്ഷേപം.
മാണി സി കാപ്പനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് ദേശീയ പ്രസിഡന്റ് ശരത് പവാറിന് പരാതി നല്‍കുമെന്ന് ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്ന കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി.ബേബി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.കെ. ആനന്ദക്കുട്ടന്‍, സുബാഷ് പുഞ്ചക്കോട്ടില്‍, ജോസ് കുറ്റിയാനമറ്റം, ബെന്നി് മൈലാടൂര്‍ എന്നിവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ വേഴാമ്പല്‍ പക്ഷിയെ പോലെ മത്സരിക്കാന്‍ പ്രത്യക്ഷപ്പെടുന്ന മാണി സി കാപ്പന്‍ പാര്‍ട്ടിക്ക് അപമാനമാണെന്നാണ് ഉഴവൂര്‍ വിജയന്‍ അനുകൂലികള്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്റിനെയും ട്രഷററെയും അനുകൂലിക്കുന്നവര്‍ ഏറ്റുമുട്ടുമ്പോള്‍ മന്ത്രി തോമസ് ചാണ്ടിയും മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനും പരസ്യ നിലപാട് എടുത്തിട്ടില്ല.
















