മൂലമറ്റം: മൂലമറ്റം ആശ്രമം ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ ദുരിത വഴി താണ്ടണം. ബസ് സര്‍വീസ് ഇല്ലാത്ത ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും ട്രിപ്പ് ജീപ്പുകളില്‍ സഞ്ചരിച്ചുമാണ് പഠനത്തിനായി പോകുന്നത്. ഉളുപ്പൂണി വഴി ഉപ്പുതറയ്‌ക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ഇന്നാട്ടുകാര്‍ക്ക് ബസില്‍ യാത്ര ചെയ്യുവാന്‍ സാധിക്കൂ.
ഈ റോഡിന്റെ പണി ആരംഭിച്ചിടത്ത് തന്നെ കിടക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇന്നാട്ടുകാര്‍ ഉളുപ്പുണി വഴിയുള്ള റോഡ് നിര്‍മ്മാണത്തെകണ്ടത്. റോഡ് പണി പൂര്‍ത്തിയായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അല്ലലില്ലാതെ യാത്ര ചെയ്യാം. ഇപ്പോള്‍ ആശ്രമം വരെയുള്ള ഭാഗത്തേക്ക് മാത്രമാണ് കുറച്ചെങ്കിലും വാഹന സൗകര്യമുള്ളൂ.
മൂലമറ്റത്ത് നിന്നും ആശ്രമം ഭാഗം വരെയുള്ള റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഉള്ള വാഹന സൗകര്യം പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ആശ്രമം ഉളുപ്പൂണിഭാഗത്ത് നിന്നും പഠനത്തിനായി പോകുന്നത്. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് ആശങ്കയാണ്. കിലോമീറ്ററുകള്‍ നടന്ന് വേണം പഠനത്തിനും തിരിച്ചും എത്താന്‍. പരിമിതവാഹന സൗകര്യം ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നില്ല.
നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങുകയും തിരികെ താമസിച്ച് വീട്ടിലെത്തുകയും ചെയ്യുന്നത് ഇവരുടെ പഠന നിലവാരത്തെ ബാധിച്ചിട്ടുണ്ട്. വളരെ ക്ഷീണിച്ച് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുവാന്‍ കഴിയുന്നില്ല.
വീണ്ടും ഒരു സ്‌കൂള്‍ സീസണ്‍ എത്തുമ്പോള്‍ ആശ്രമം ഭാഗത്തുള്ള രക്ഷിതാക്കളുടെ മനസിലെ തീ അണയുന്നില്ല.
















