കണ്ണൂര്‍: നടുറോഡില്‍ ഗോമാതാവിനെ അരുംകൊല ചെയ്ത യൂത്ത് കോണ്‍ഗ്രസ് നടപടി നീചവും പൈശാചികവുമാണെന്ന് കിസാന്‍സംഘ് സംസ്ഥാന കമ്മറ്റിയോഗം പ്രസ്താവനയില്‍ പറഞ്ഞു. ജൈവകൃഷിയുടെ വക്താക്കളാകാന്‍ ശ്രമിക്കുന്ന ഇടതു വലതു മുന്നണികള്‍ ജൈവകൃഷി ഗോ ആരാധനയുമായി ബന്ധപ്പെട്ടതാണ് എന്ന കാര്യം മനസ്സിലാക്കണം.
കന്നുകാലികളുടെ ചാണകവും മൂത്രവും കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടണം. അതിന് കന്നുകാലികളുടെ എണ്ണം വര്‍ദ്ധിക്കണം. പശുക്കള്‍ പാലുല്‍പാദനത്തിനും കാളകള്‍ നിലമുഴുന്നതിനും വേണ്ടി മാത്രമാണെന്നും ട്രാക്ടര്‍ ഉള്ളപ്പോള്‍ കാളകള്‍ ആവശ്യമില്ലെന്നും കറവ വറ്റിയാല്‍ ഉപയോഗശൂന്യമാണെന്നുമുള്ള തെറ്റായ ധാരണ പരത്തുകയാണ് ചിലര്‍.
റോഡരികില്‍ പശുവിനെ അരുംകൊല ചെയ്ത നടപടിക്കെതിരെ മുഴുവന്‍ കര്‍ഷക സമൂഹവും പ്രതിഷേധിക്കണമന്നും കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.സഹദേവന്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡണ്ട് വി.വി.മധു അധ്യക്ഷത വഹിച്ചു.
















