കണ്ണൂര്‍: ഗവ. ഹോമിയോ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സ കെട്ടിടത്തിന്റെ തറകല്ലിടല്‍ കര്‍മ്മം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വിജയകരമായ വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച കണ്ണൂര്‍ കേന്ദ്രത്തെ സംസ്ഥാനത്തെ മികച്ച കേന്ദ്രമായി ഉയര്‍ത്തുമെന്ന് മന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. നാഷനല്‍ ആയുഷ് മിഷനില്‍ നിന്ന് ഇതിനകം 81 ലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് മിഷന്‍ ഇതിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഹോമിയോപ്പതി ചികില്‍സയ്‌ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി കണ്ണൂരിലെ വന്ധ്യതാ നിവാരണ കേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച അമ്മയും കുഞ്ഞും ഒ.പി.യിലെ ചികിത്സയിലൂടെ കുഞ്ഞ് പിറന്നവരുടെ കുടുംബസംഗമം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ പേര് സംസ്ഥാന തലത്തില്‍ ജനനി എന്നാക്കിക്കൊണ്ടുള്ള പുനര്‍നാമകരണം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. ജനനി പദ്ധതിയുടെ ലോഗോ പ്രകാശനവും കുഞ്ഞുങ്ങള്‍ക്കുള്ള ഉപഹാരവിതരണവും പി.കെ.ശ്രീമതി എം.പി നിര്‍വഹിച്ചു.
ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ കേന്ദ്രം ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡോ. കെ. ജമുന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ധ്യതയ്‌ക്ക് ചികില്‍സ തേടി ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. ഇവിടെ നിന്നുള്ള ചികില്‍സയുടെ ഫലമായി 334 സ്ത്രീകള്‍ ഇതിനകം ഗര്‍ഭം ധരിച്ചിട്ടുണ്ട്. ഇവരില്‍ 174 പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ബാക്കിയുള്ള ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ചില കേസുകളില്‍ ഗര്‍ഭച്ഛിദ്രമുണ്ടായതായും അവര്‍ പറഞ്ഞു.
















