പാരീസ്: കളിമണ്‍ കോര്‍ട്ടിലെ ടെന്നീസ് രാജാവിനെയും റാണിയേയും നിശ്ചയിക്കുന്ന ഫ്രഞ്ച് ഓപ്പണിന് റോളാങ്ങ് ഗാരോസില്‍ ഇന്ന് തുടക്കം. നിലവിലുളള ചാമ്പ്യന്‍ നൊവാക്ക് ജോക്കോവിച്ചും പത്താം കിരീടം തേടുന്ന റാഫേല്‍ നദാലുമൊക്കെ തകര്‍ത്താടുന്നതോടെ കളിമണ്‍ കോര്‍ട്ടിന് ചൂടുപിടിക്കും. വനിതകളില്‍ നിലവിലുളള ജേത്രി ഗാര്‍ബീന്‍ മുഗുരുസയും രണ്ടാം സീഡ് കെര്‍ബറുമൊക്കെ കിരീടത്തിനായി പൊരുതും.
അതേസമയം ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയക്കൊടി പാറിച്ച റോജര്‍ ഫെഡററും സെറീന വില്യംസും ഇത്തവണ കളിമണ്‍ കോര്‍ട്ടില്‍ ഭാഗ്യപരീക്ഷണത്തിനില്ല. അതേസമയം രോഗങ്ങളില്‍ നിന്ന് മുക്തി നേടിയ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ മത്സരിക്കും. ഡിസംബറില്‍ മോഷ്ടാവില്‍ നിന്ന് കുത്തേറ്റ പെട്രാ കിറ്റോവയും പരിക്കില്‍ നിന്ന് മോചിതയായി മത്സരിക്കാനെത്തുന്നുണ്ട്. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ജൂലിയ ബോസര്‍പ്പിനെ നേരിടും.
വനിതകളുടെ ഒന്നാം സീഡായ എയ്ഞ്ചലിക്ക് കെര്‍ബര്‍ ആദ്യ മത്സരത്തില്‍ റഷ്യയുടെ ഇ.മകരോവയുമായി ഏറ്റുമുട്ടും. സെമിയില്‍ മിക്കവാറും നിലവിലുളള ചാമ്പ്യനായ ഗര്‍ബീന മുഗുരുസയായരിക്കും കെര്‍ബറുടെ എതിരാളി.രണ്ടാം സീഡായ കരോലീന പ്ലിസോവയ്‌ക്ക് സെമിയില്‍ 2014 ലെ സിമോണ ഹാലപ്പയെ നേരിടേണ്ടിവരും. ആദ്യ റൗണ്ടില്‍ കരോലീന പ്ലിസോവ ചൈനയുടെ സെങ്ങ് സായ്‌സായിയുമായി ഏറ്റുമുട്ടും.
പുരുഷ വിഭാഗത്തില്‍ നിലവിലുളള ചാമ്പ്യനായ ജോക്കോവിച്ചിന് സെമിയില്‍ റാഫേല്‍ നദാലിനെ നേരിടേണ്ടിവരും. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജോക്കോവിച്ച് ആന്ദ്രെ അഗാസിയുടെ ശിക്ഷണത്തിലാണ് ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. ലോക ഒന്നാം നമ്പറായ ആന്‍ഡി മുറെയ്‌ക്ക് സെമിയില്‍ 2015 ലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്ക് എതിരാളിയായേക്കും. മുറെ ആദ്യ റൗണ്ടില്‍ റഷ്യയുടെ ആന്ദ്രെ കുസെറ്റ്‌സോവയെയും ജോക്കോവിച്ച് മാഴ്‌സെല്‍ ഗ്രാനോളേഴ്‌സിനെയും നേരിടും. റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ ഫ്രഞ്ചുതാരം ബെനോയിറ്റ് പൈറിയെ എതിരിടും.
















