തിരുവനന്തപുരം: അര്‍ധസൈനികരുടെയും വിമുക്തഭടന്മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സെക്രട്ടേറിയറ്റില്‍ സൈനിക ക്ഷേമവകുപ്പ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എന്‍. ഷംസുദ്ദീന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു. സൈനിക വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന മാതൃകയില്‍ വിരമിച്ച അര്‍ധസൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് പരിശോധിക്കും.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി സ്ത്രീകളെ കൊണ്ടുപോകുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.വി. അബ്ദുള്‍ഖാദറെ മുഖ്യമന്ത്രി അറിയിച്ചു.
മാമ്പഴകൃഷി ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിയില്‍ ഉള്‍പ്പെടുത്തി കൃഷിചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കെ.ബാബുവിനെ അറിയിച്ചു.
മാവ് കൃഷിക്കായി കൂടുതല്‍ ശീതീകരണ സംവിധാനങ്ങളും ഗോഡൗണുകളും സ്ഥാപിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കും. മുതലമട കേന്ദ്രീകരിച്ച് മാങ്ങ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതിക്കുമായി അഗ്രോപാര്‍ക്ക് നിര്‍മ്മിക്കും. ഡേ കെയറുകള്‍ സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ. ശൈലജ, പി.ടി. തോമസിനെ അറിയിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഖാദിമേഖലയില്‍ 42 കോടി രൂപയുടെ റിബേറ്റ് കുടിശികയുണ്ടായിരുന്നുവെന്ന് വി.ഡി.സതീശനെ വ്യവസായമന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. ഇതില്‍ 7.85 കോടി വിതരണം ചെയ്തു. ബാക്കി ഉടന്‍ നല്‍കും.
കാലടി – മലയാറ്റൂര്‍ – അതിരപ്പിള്ളി – കോടനാട് ടൂറിസം സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. പദ്ധതി സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോജി ജോസിനെ അറിയിച്ചു.
















