കൊച്ചി: പ്രധാന ഗ്രന്ഥശാലകളില്‍ ഏതൊക്കെ പുസ്തകങ്ങളുണ്ടെന്ന് ഇനി ഗ്രന്ഥശാലകളില്‍ പോകാതെ അറിയാം. ഡിജിറ്റൈസേഷന്റെ ഭാഗമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ഗ്രന്ഥശാലകളിലാണ് സംവിധാനം വരുന്നത്.
ലൈബ്രറി കൗണ്‍സിലിന് കീഴില്‍ സംസ്ഥാനത്ത് 8190 ഗ്രന്ഥശാലകളുണ്ട്.
ആദ്യ ഘട്ടത്തില്‍ 600 ലൈബ്രറികളിലാണ് ഏകീകൃത സംവിധാനമൊരുക്കുന്നത്. പൊതുഗ്രന്ഥശാലകളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. 13,500 ഓളം പുസ്തകങ്ങളാണ് നിലവില്‍ ചേര്‍ത്തിട്ടുള്ളത്. പൊതുഗ്രന്ഥശാലകളില്‍ അംഗത്വമുള്ള ആര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇതിന് ഗ്രന്ഥശാല മുഖേന പ്രത്യേക യൂസര്‍ നെയിമും, പാസ്‌വേഡും നേടണം. സേവനം സൗജന്യമാണ്.
ഈ വര്‍ഷം അവസാനത്തോടെ 7000 ലൈബ്രറികളെ പദ്ധതി ഭാഗമാക്കും. എടുത്ത പുസ്തകങ്ങളുടെ കാലാവധി നീട്ടാനും, ഫൈന്‍ ഉള്‍പ്പടെയുള്ള ഫീസുകള്‍ അടയ്‌ക്കാനുമുള്ള സംവിധാനവും ഭാവിയില്‍ ഉള്‍പ്പെടുത്തും. പുറമേ ജില്ലാ, താലൂക്ക് ലൈബ്രറികള്‍ക്ക് സ്വന്തമായി വൈബ് സൈറ്റ് ഒരുക്കുന്നതിന്റെ പണികളും അവസാന ഘട്ടത്തിലാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ റൈസിങ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ലൈബ്രറി മാനേജ്‌മെന്റ് സൊല്യൂഷന്‍ യൂസിങ് കൊഹ എന്ന വൈബ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
















