കല്‍പ്പറ്റ: കല്‍പ്പറ്റയിലെ വയനാട് പോക്‌സോ കോടതിയില്‍ ജഡ്ജിക്കുനേരെ ചെരിപ്പേറ്. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വൈത്തിരി ജയിലിലായിരുന്ന മേപ്പാടി കടച്ചിക്കുന്ന് സ്വദേശി അറുമുഖനാണ് പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനു നേരെ ഷൂ എറിഞ്ഞത്.
പീഡന സംഭവത്തില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തടവ് ഒന്നിച്ചനുഭവിച്ചാല്‍ പത്ത് വര്‍ഷമെന്നായിരുന്നു വിധി. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ചെരിപ്പെറിഞ്ഞത്. ജഡ്ജിയുടെ വലത് തോളില്‍ ചെരിപ്പ് പതിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ കോടതി നടുങ്ങുകയും ക്ഷീണിതനായ ജഡ്ജിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി.
പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈത്തിരി ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലായിരുന്നു ഇയാള്‍ കോടതി നടപടികള്‍ നേരിട്ടത്. 2014 ഒക്‌ടോബര്‍ 13നാണ് പോലീസ് പ്രതിക്കെതിരെ പോക്‌സോ ചുമത്തിയത്.
















