കോട്ടയം: ജാതി രഹിത സമൂഹത്തിന് വാദിക്കുന്ന കേരളകത്തോലിക്കാ സഭയിലെ ദളിത് അവഗണനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഭാ പ്രസിദ്ധീകരണമായ സത്യദീപം. മാര്‍ച്ച് 30ലെ ലക്കത്തില്‍ ‘ദളിത് ക്രൈസ്തവരും കേരള സഭയും’ എന്ന തലക്കെട്ടില്‍ ഫാ. ഇമ്മാനുവല്‍ എസ്. ജെയുടെ ലേഖനത്തിലാണ് ദളിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനം വിവരിക്കുന്നത്.
ദളിത് സംരക്ഷണവും പ്രോത്സാഹനവും ആധുനിക സഭാ നേതൃത്വം ബോധപൂര്‍വ്വം വേണ്ടെന്ന് വയ്‌ക്കുകയാണ്. ഇത് മൂലം സഭയുടെ നേതൃരംഗങ്ങളില്‍ ഈ വിഭാഗം അവഗണിക്കപ്പെടുകയും പിന്‍തളളപ്പെടുകയുമാണ്. ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
സഭയില്‍ ഭിന്നതകള്‍ കൂടി വരുന്ന സാഹചര്യമാണ്. എല്ലാവരെയും ഒന്നായി കാണാന്‍ വേണ്ടിയാണ് യേശു സുഹൃദ് സംഘത്തിന് രൂപം കൊടുത്തത്. എന്നാല്‍ സഭയില്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍, ബ്രാഹ്മിണ്‍ ക്രിസ്ത്യാനികള്‍, വി. ഫ്രാന്‍സീസ് സേവ്യറില്‍ നിന്ന് നേരിട്ട് മാമോദീസ സ്വീകരിച്ചവര്‍ തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ച് പാരമ്പര്യത്തിന്റെ തൊങ്ങലുകള്‍ വലുതാക്കാന്‍ ശ്രമിക്കുകയാണ്.
ഈ ആഢ്യത്തം ഭാവിക്കുന്നവര്‍ പറയാതെ പറയുന്നത് എന്താണെന്ന് വ്യക്തമാണ്. ഞാന്‍ പുതു ക്രിസ്ത്യാനിയല്ല, ഞാന്‍ ഈ നില്‍ക്കുന്ന ദളിത് ക്രിസ്ത്യാനിയെ പോലെ താഴ്ന്ന ജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച് വന്നവനല്ല എന്ന മനോഭാവം തീര്‍ച്ചയായും കാണാന്‍ സാധിക്കുമെന്ന് ലേഖനം പറയുന്നു. ഇത്തരം മനോഭാവങ്ങള്‍ മാറ്റാന്‍ സഭാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. ഇത് ചെയ്യാതെ ക്രിസ്ത്യാനികളില്‍ 60 ശതമാനത്തോളം ദളിത് സമൂഹത്തിന് സഭയില്‍ അഭിമാനിക്കാന്‍ സാധിക്കില്ലെന്ന് ലേഖനം അഭിപ്രായപ്പെടുന്നു.
സീറോ- മലബാര്‍ സഭാ സുനഹദോസ് അടുത്തിടെ ദളിത് വിഭാഗങ്ങളിലുള്ളവരെ സഹായിക്കാന്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. പക്ഷെ സാമ്പത്തിക ഉന്നമനം മാത്രം പോര.
അവര്‍ക്ക് സഭാ നേതൃത്വത്തില്‍ പ്രത്യേകിച്ച് സഭാ സ്ഥാപനങ്ങളില്‍ പരിഗണന നല്‍കി സഭാ നേതൃത്വം അംഗീകരിക്കണം. നേതൃസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ പ്രത്യേക പരിശീലനം നല്‍കണം. ഇത് ലത്തീന്‍ സഭയും മാതൃകയായി സ്വീകരിക്കണം. ലേഖനം നിര്‍ദ്ദേശിക്കുന്നു.
പുറമ്പോക്കുകളില്‍ കഴിയുന്ന ദളിത് സമൂഹത്തിന്റെ ബൗദ്ധികവും വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവും ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യം വച്ച് സഭയുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. സഭാ വിശ്വാസികള്‍ ദളിത് ക്രൈസ്തവരെ തുറന്ന മനസ്ഥിതിയോടെ സ്വീകരിക്കാന്‍ ഈ ക്രിയാത്മക നീക്കം സഹായമാകും.
















