തുറവൂര്‍: ചേര്‍ത്തല താലൂക്കിലെ കരിനിലങ്ങള്‍ മത്സ്യകൃഷി അവസാനിപ്പിച്ച് നെല്‍കൃഷിക്കൊരുങ്ങുന്നു. ചെറിയ തോതില്‍ മഴ ലഭിച്ചു തുടങ്ങിയതോടെ പാടങ്ങള്‍ വെള്ളം വറ്റിച്ച് നെല്‍കൃഷിയിറക്കാന്‍ തയ്യാറെടുക്കുകയാണ്.
അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലായി അയ്യായിരം ഏക്കറിലധികം പാടശേഖരങ്ങളാണ് ഉള്ളത്. ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരമാണിവിടെ കൃഷിയിറക്കുന്നത്. മഴയെ ആശ്രയിച്ചുള്ള കൃഷി രീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്.
വെള്ളം വറ്റിച്ച് മീന്‍പിടിച്ചു കഴിഞ്ഞാല്‍ അടുത്ത മഴയ്‌ക്കായി കാത്തിരിക്കണം. പെയ്‌ത്തു വെള്ളം കെട്ടിക്കിടന്നാണ് പാടശേഖരത്തിലെ ഉപ്പിന്റെ അംശം ഇല്ലാതാക്കുന്നത്. പിന്നീട് കൊത്തിക്കിളച്ച് വിത്തെറിയും.
ചെട്ടിവിരിപ്പ് ഇനത്തിലെ വിത്താണ് പതിവായി വിതയ്‌ക്കുന്നതെങ്കിലും വൈറ്റില – രണ്ട്, ഉമ തുടങ്ങിയവയും വിതയ്‌ക്കുന്നുണ്ട്. പിന്നീട് മഴ ലഭിക്കുന്നതിനനുസരിച്ച് ഞാറ് പാകമാകും.
ശുദ്ധജലത്തിന് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ മഴയെ മാത്രമാണ് കര്‍ഷകര്‍ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ഉപ്പിന്റെ അംശം കുറയ്‌ക്കാന്‍ കാരണമായിട്ടുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
എന്നാല്‍, ചില മീന്‍ വളര്‍ത്തുപാടങ്ങളില്‍ ഇപ്പോഴും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് നെല്‍കൃഷിയിക്ക് ഭീഷണിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ചന്തിരൂര്‍ വെളുത്തുള്ളി പാടത്ത് നെല്‍കൃഷി നടത്താതെ മുഴുവന്‍ സമയ മത്സ്യകൃഷിയാണ് നടക്കുന്നത്.
















