എല്ലാ വര്‍ഷവും ഈ ദിവസം ലോകമെമ്പാടും പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കപ്പെടുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ 200 വര്‍ഷം പിന്നിടുകയാണ്. രോഗത്തെ പ്രതിരോധിച്ചു നിര്‍ത്തുവാനും അതിജീവിക്കാനുമുളള നിര്‍ദ്ദേശങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ലഭിക്കേണ്ട മാനസികപിന്തുണ, സാമൂഹിക പരിരക്ഷ എന്നിവയെക്കുറിച്ചുളള അവബോധമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
പാര്‍ക്കിന്‍സോണിസം എന്നത് താഴെപറയുന്ന രോഗലക്ഷണങ്ങള്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഒരുവ്യക്തിക്ക് പ്രവൃത്തികള്‍ ചെയ്യാനുള്ള കാലതാമസവും അതോടെപ്പം വിറയല്‍, പേശികളുടെ മുറുക്കം, നടക്കുമ്പോള്‍ ഉണ്ടാകുന്ന ബാലന്‍സില്ലായ്‌മ എന്നീ മൂന്നു രോഗ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ക്ക് പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ ഉണ്ടെന്നു പറയാം.
പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ അനേകം രോഗങ്ങള്‍കൊണ്ട് ഉണ്ടാകാം. അവയെ പാര്‍ക്കിന്‍സണ്‍സ് രോഗം, എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സോണിസം, സെക്കന്ററി പാര്‍ക്കിന്‍സോണിസം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നതും അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ടതുമായ രോഗം പാര്‍ക്കിന്‍സണ്‍സ് രോഗമാണ്. ഇത് തലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്‌മാന രോഗമാണ്. സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സോണിസം, ചില മരുന്നുകള്‍ മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സോണിസം എന്നിവയുമുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗം തലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്‌മാന രോഗമാണ്. തേയ്‌മാന രോഗമായതുകൊണ്ടുതന്നെ, ഇത് രോഗിയുടെ ശിഷ്ടജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്നതും, സമയം ചെല്ലുന്തോറും രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നതുമായ ഒരു രോഗമാണ്.
തലച്ചോറിലെ സബ്‌സ്റ്റേന്‍ഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങള്‍ തേയ്‌മാനം മൂലം നശിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നത്. ഈ നാഡീകോശങ്ങള്‍ നശിക്കുമ്പോള്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന ‘ഡോപ്പമിന്‍’ എന്ന രാസവസ്തു തലച്ചോറില്‍ കുറയുന്നു. ഒരു പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ ഈ നാഡീകോശങ്ങളില്‍ 70-80 ശതമാനവും നശിച്ചിട്ടുണ്ടാകും. ‘ഡോപ്പമിന്‍’ എന്ന രാസവസ്തുവിന്റെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്തെയാണ്. ഇതുമൂലം പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നാഡീകോശങ്ങളുടെ തേയ്‌മാനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പാരിസ്ഥിതിക ഘടകങ്ങളായ മലിനീകരണം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അമിതമായ ഉപയോഗവും ജനിതക ഘടകങ്ങളും കാരണങ്ങളായി സംശയിക്കപ്പെടുന്നു.
സാധരണയായി 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 50 വയസ്സിനുമേലെ പ്രായമുള്ളവരില്‍ ഒരു ശതമാനം പേരിലും, 65 വയസ്സിനുമേലെ പ്രായമുള്ളവരില്‍ 1.8 ശതമാനം പേരിലും, 85 വയസ്സിനുമേലെ പ്രായമുള്ളവരില്‍ 2.6 ശതമാനം പേരിലും ഈ രോഗം കണ്ടുവരുന്നു. ഇതു പൊതുവേ ഒരു വാര്‍ദ്ധക്യകാലരോഗമാണെങ്കിലും ഏകദേശം 10 ശതമാനം രോഗികളില്‍ 40 വയസ്സിന് മുമ്പ് തന്നെ ഈ രോഗം ഉണ്ടാകാം. ചെറുപ്പക്കാരില്‍ ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ കാരണം ജനിതക ഘടകങ്ങള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങളെ ചലനപ്രശ്‌നങ്ങള്‍, ചലനസംബന്ധമല്ലാത്ത പ്രശ്‌നങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
ചലന പ്രശ്‌നങ്ങളെ വീണ്ടും കാതലായ ചലനപ്രശ്‌നങ്ങള്‍, മറ്റുചലനപ്രശ്‌നങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കാതലായ ചലന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്:
വിറയല്‍: ഭൂരിഭാഗം രോഗികളിലും വിറയല്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്ന ലക്ഷണം. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിശ്രമ അവസ്ഥയിലാണ് വിറയല്‍ കൂടുതലായി കാണുന്നത്. പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വിറയല്‍ മിക്കവാറും അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ ഇതിനെ ‘വിശ്രമാവസ്ഥയിലുള്ള വിറയല്‍’ എന്നാണ് വിളിക്കുന്നത്. മാനസിക സംഘര്‍ഷമുള്ള അവസരങ്ങളില്‍ ഈ വിറയല്‍ കൂടാറുണ്ട്.
പേശികളുടെ മുറുക്കം: മാംസ പേശികളുടെ മുറുക്കം മൂലം ചലനം പ്രയാസമായിത്തീരുന്നു.
കാലതാമസം: ഇതുമൂലം ദൈനംദിന പ്രവൃത്തികളായ ഭക്ഷണം കഴിക്കല്‍, വസ്ത്രധാരണം, നടപ്പ് തുടങ്ങിയവ ചെയ്യുവാനുള്ള സമയം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുമൂലം രോഗിക്ക് നടക്കുമ്പോള്‍ വീഴുമോ എന്ന ഭയം ഉണ്ടാകുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ താഴെപ്പറയുന്ന മറ്റു ചലനപ്രശ്‌നങ്ങളും ഉണ്ടാകാം. മാംസപേശികളുടെ സാധാരണമായ ചലനം കുറയുന്നതുകാരണം രോഗിയുടെ മുഖത്തെ ഭാവഭേദങ്ങള്‍ കുറയുകയും ദീര്‍ഘനേരം ഇമവെട്ടാതെ ഇരിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ സംസാരിക്കുമ്പോള്‍ ശബ്ദം കുറയുകയും കൈയക്ഷരം ചെറുതാകുകയും ചെയ്യുന്നു. രോഗി കൂനി നില്‍ക്കുകയും നടക്കുമ്പോള്‍ കൈവീശാതിരിക്കുകയും ചെയ്യും. രോഗി കൊച്ചുകുട്ടികള്‍ പിച്ചവച്ചു നടക്കുന്നതുപോലെ നടക്കുന്നു. നടക്കുമ്പോള്‍ നിയന്ത്രണമില്ലാതെ വേഗതകൂടി മുന്നോട്ട് ഓടിയതുപോലെ ആയിപ്പോകാം. നടക്കുമ്പോള്‍ പ്രതേ്യകിച്ച് ഒരുകാരണവും കൂടാതെ പെട്ടെന്ന് നിന്നുപോകാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വീഴ്ചകളും ഉണ്ടാകാവുന്നതാണ്.
പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ചലനസംബന്ധമല്ലാത്ത പല പ്രശ്‌നങ്ങളും കാണാവുന്നതാണ്. തലച്ചോറിലെ ‘സബ്‌സാന്‍ഷ്യനൈഗ്ര’ എന്ന ഭാഗത്തിനു പുറത്തുള്ള നാഡീകോശങ്ങള്‍ നശിക്കുന്നതുകൊണ്ടാണ് ചലനസംബന്ധമല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മാനസിക പ്രശ്‌നങ്ങളായ വിഷാദം, അമിതമായ പേടി, അകാരണമായ സംശയങ്ങള്‍ എന്നിവ ഉണ്ടാകാം. ഓര്‍മ്മക്കുറവും മറ്റു ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലെ ശേഷിക്കുറവും ഉണ്ടാകാം. ഉറക്കപ്രശ്‌നങ്ങളായ ഉറക്കമില്ലായ്‌മ, അമിതമായിട്ടുള്ള പകലുറക്കം എന്നിവ ഉണ്ടാകാം. ഉറക്കത്തില്‍ സ്വപ്‌നം കണ്ട് അതിനോട് ശാരീരികമായി പ്രതികരിക്കുക സാധാരണയാണ്.
കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചുനിര്‍ത്തുവാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. മലബന്ധം സാധാരണയാണ്. അമിതമായി വിയര്‍ക്കുക, എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങുക എന്നീ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഉമീനീര് ഇറക്കാന്‍ പ്രയാസം വരുന്നതുകൊണ്ട് വായില്‍നിന്ന് ഉമിനീര് ഊര്‍ന്ന് താഴേക്ക് വീഴുന്നു. മേല്‍പ്പറഞ്ഞലക്ഷണങ്ങള്‍ക്കുപുറമെ ഈ രോഗികളില്‍ അമിതമായ ക്ഷീണം, ശരീര വേദന, മരവിപ്പ് മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് മണം അിറയാനുള്ള കഴിവ് ഇല്ലാതാകാം.
രോഗലക്ഷണങ്ങള്‍ രോഗിയുടെ നിത്യജീവിതത്തിലെ പ്രവ്യത്തനങ്ങളെ ബാധിക്കുമ്പോഴാണ് ചികിത്സ വേണ്ടിവരുന്നത്.
പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഭക്ഷണത്തില്‍ യാതൊരു പഥ്യവും ആവശ്യമില്ല. സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാം. എന്നാല്‍ ഈ രോഗികളില്‍ മലബന്ധം സര്‍വ്വസാധാരണയായി കണ്ടുവരുന്നതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ രോഗികളില്‍ മാംസപേശികളില്‍ മുറുക്കം അനുഭവപ്പെടുന്നതുകുറയ്‌ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. രോഗികളുടെ നടക്കാനുള്ള ബുദ്ധിമുട്ടുകളും ബാലന്‍സില്ലായ്‌മയും വ്യായാമത്തിലൂടെ ഭാഗികമായി നിയന്ത്രിക്കാവുന്നതാണ്. ഇതിനായി ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ ഉപദേശം തേടണം.
















