കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ടീച്ചര്‍മാരുടെ നിയമനത്തില്‍ വ്യാപകമായ അഴിമതി നടന്നതായി ആരോപണം. മാര്‍ച്ച് മാസം അവസാനിച്ച വിദ്യാഭ്യാസ വര്‍ഷത്തിലാണ് അഴിമതി. സര്‍ക്കാര്‍ നിയമിച്ച 2471 ടീച്ചര്‍മാരില്‍ പലരും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യതയില്ലാവരായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇവരുടെ താല്‍ക്കാലിക നിയമനത്തിന് ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും രഹസ്യമായ കൈപ്പറ്റിയതെന്നാണ് ആരോപണം.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ നിലവിലുള്ള വിദ്യാലയങ്ങളില്‍ സംഗീതം, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ടീച്ചര്‍മാര്‍ പാടില്ല എന്നാണ് നിയമം. ഏതെങ്കിലും ഒരു വിഷയം മാത്രമേ ഒരു ഹൈസ്‌ക്കൂളില്‍ പഠിപ്പിക്കാന്‍ അനുവാദമുള്ളു. ഈ ഉത്തരവു കാറ്റില്‍ പറത്തിയാണ് നിയമനം നടന്നത്. കരാറടിസ്ഥാനത്തില്‍ നടന്ന നിയമനം മാര്‍ച്ചില്‍ അവസാനിച്ചെങ്കിലും ഇവര്‍ക്ക് തുടര്‍ നിയമനം നല്‍കാമെന്ന് ഉറപ്പിച്ച് പലരും പണം കൈപ്പറ്റിയതായാണ് വിവരം. ഇത് ഉറപ്പ് വരുത്തുന്നതിനായി പല ജില്ലകളിലും ക്ലസ്റ്റര്‍ ഈ മാസം ആരംഭിക്കാനും പദ്ധതിയുണ്ട്.
കെജിടിഇ കഴിഞ്ഞ അധ്യാപകരെയാണ് ക്രാഫ്റ്റ് ടീച്ചര്‍മാരായി തെരഞ്ഞെടുത്തതെന്ന് പറയുന്നുണ്ടെങ്കിലും 8ാം ക്ലാസും ടിജിഎംടിയും കഴിഞ്ഞവരാണ് നിയമിച്ചവരില്‍ ഭൂരിപക്ഷവും. പലര്‍ക്കും നിയമനം ലഭിച്ചത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്താണ്. യോഗ്യതയുള്ളവരില്ലാത്തതിനാലാണ് ഇവരെ നിയമിച്ചതെന്ന് ഔദ്യോഗിക ഭാഷ്യം.
മലപ്പുറം ജില്ലയില്‍ പുനര്‍ നിയമനം നടത്തുന്നവരുടെ ക്ലസ്റ്റര്‍ 18 ന് എസ്എസ്എ യുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇത്തരം തീരുമാനം സംസ്ഥാന എസ്എസ്എ മിഷന് അറിയില്ലെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. താല്‍ക്കാലിക നിയമനം ലഭിക്കുന്നവര്‍ക്ക് 30,000 രൂപ ശമ്പളം ലഭിക്കുമെന്നതാണ് ഉദ്യോഗാര്‍ത്ഥികളെ പണം കൊടുത്ത് ജോലി നേടാന്‍ പ്രേരിപ്പിക്കുന്നത്. തയ്യല്‍ പരിശീലനത്തില്‍ ഡിപ്ലോമ നേടിയവര്‍ക്ക് സ്‌ക്കൂളുകളില്‍ ആര്‍ട്ടും ക്രാഫ്റ്റും പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ഇതുമായി
ബന്ധപ്പെട്ട വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുമ്പോളാണ് ഈ വഴിവിട്ട നിയമനം. സംസ്ഥാന ശാസ്ത്രമേളയില്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും വിവിധ തരത്തിലുള്ള പെയിന്റിംഗിനും ഡ്രോയിംഗിനും മാത്രമാണ് മത്സരമുള്ളത്. സ്‌കൂളുകളില്‍ തുന്നല്‍ മിഷ്യന്‍ പോലുമില്ലെന്നിരിക്കെ തുന്നല്‍ ടീച്ചര്‍മാരെ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ടീച്ചര്‍മാരായി നിയമിക്കുന്നതിന് പിന്നില്‍ എസ്എസ്എ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും അഴിമതി നടത്തുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നാണ് ആരോപണം. ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് പഠിപ്പിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളും പരിചയസമ്പന്നരും ജില്ലകളില്‍ ഉണ്ടെന്നിരിക്കെ ക്രാഫ്റ്റുമായി പുലബന്ധം പോലുമില്ലാത്തവരെ തുടര്‍ നിയമനം നടത്തുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് ആര്‍ട്ടിസാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
















