നാദാപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ. കെ. ശ്രീജിത്ത് ദേശാഭിമാനി പത്രത്തിലെ ജോലി രാജിവെച്ചു. നേരത്തെ ലേഖകനായിരുന്ന ശ്രീജിത്ത് നിലവില്‍ പരസ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. തന്റെ പേരില്‍ പാര്‍ട്ടി എടുത്ത നടപടി ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. അതേസമയം പാര്‍ട്ടി ആരുടെപേരിലും നടപടി എടുത്തിട്ടില്ലന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
ശ്രീജിത്തിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടിക്കുളളിലും പുറത്തും വിവാദമായതിനെതുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് അറിയുന്നത്. സിപിഎം ജില്ലാ നേതൃത്വവും ശ്രീജിത്തിനെതിരെ നടപടിയെടുത്തില്ലെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ മകന് പാര്‍ട്ടിഅംഗത്വം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച ബ്രാഞ്ച് കമ്മറ്റിയുടെ നടപടിയില്‍ ശ്രീജിത്തിന്റെ അച്ഛനും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കരുവാന്‍കണ്ടി കുമാരന്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി രക്തം നല്‍കിയ ആളാണ്. മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പാര്‍ട്ടി മകനോട് ചെയ്തത് ശരിയായില്ല. ഞാന്‍ പാര്‍ട്ടിയോട് പല പ്രാവശ്യം ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. തിങ്കളാഴ്ചയാണ് എന്നെ കമ്മിറ്റയുണ്ടെന്നു പറഞ്ഞു ക്ഷണിക്കുന്നത്.
ഡയാലിസിസ് ചെയ്ത് ക്ഷീണിച്ചതിനാല്‍ എനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. രാത്രി മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നത്. എന്ത് തെറ്റിന്റെ പേരിലാണ് ഈ നടപടിയെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും കുമാരന്‍ പറഞ്ഞു. മഹിജക്കും കുടുംബത്തിനും വളയം പൂവംവയലില്‍ വന്‍ സ്വീകരണം ഒരുക്കണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
















