കൊല്ലം: ദേശസ്‌നേഹത്തില്‍ അടിയുറച്ച സമൂഹത്തെ സൃഷ്ടിക്കാന്‍ ബാലഗോകുലത്തിന് കഴിയുമെന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. ബാലഗോകുലം 42-ാമത് സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വത്വബോധത്തിലും സംസ്‌കാരത്തിലും അടിയുറച്ച ബാലമനസ്സുകളെ വാര്‍ത്തെടുക്കുകയാണ് ബാലഗോകുലം ചെയ്യുന്നതെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ മുഴുവന്‍ കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കേണ്ട ബാധ്യത ബാലഗോകുലത്തിനുണ്ടെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. പിച്ചവെക്കുന്ന കുട്ടികളെ കൈപിടിച്ചുനടത്തുന്ന മുതിര്‍ന്നവരുടെ ചുമതലയാണ് അത്.
അതിനായി ഗ്രാമങ്ങള്‍തോറും രക്ഷാകര്‍തൃസമിതികള്‍ രൂപം കൊള്ളണം. അത്തരം സമിതികള്‍ കുട്ടികളുടെ കാവല്‍ക്കാരായി മാറണം. ഏത് സന്ദര്‍ഭത്തിലും ധര്‍മ്മത്തിന് നിരക്കാത്തത് കണ്ടാല്‍ ചോദ്യം ചെയ്യണം. പ്രകൃതിയും സംസ്‌കൃതിയും രാഷ്‌ട്രവും നേരിടുന്ന വെല്ലുവിളികളില്‍ ഇടപെടാനുള്ള കരുത്ത് സമൂഹത്തിന് പകരണമെന്ന് അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാനസെക്രട്ടറി വി.ഹരികുമാര്‍ സ്വാഗതസംഘ പ്രഖ്യാപനം നടത്തി. ബാലഗോകുലം ജില്ലാ പ്രസിഡന്റ് ബൈജു ലക്ഷ്മണ്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് ജി. ശിവരാമന്‍ സംസാരിച്ചു. പി.അനില്‍കുമാര്‍ സ്വാഗതവും ജി.സുരേഷ്ബാബു നന്ദിയും പറഞ്ഞു.
സ്വാമി തുരീയമൃതാനന്ദപുരി (മാതാ അമൃതാനന്ദമയീ മഠം), സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ (ശ്രീശാന്താനന്ദാശ്രമം), ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എന്നിവര്‍ മുഖ്യരക്ഷാധികാരികളായും പൊയിലക്കട ഫിഷറീസ് എംഡി രാജന്‍നായര്‍ അദ്ധ്യക്ഷനായും ഡി.ശിവപ്രസാദ് ജനറല്‍ കണ്‍വീനറായും 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജൂലൈ 7, 8, 9 തീയതികളിലാണ് ബാലഗോകുലം സംസ്ഥാന വാര്‍ഷികോത്സവം.
















