ന്യൂദല്‍ഹി: രണ്ട് ഇഡ്ഡലി…, എന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഒരു സെറ്റ് ഇഡ്ഡലി നാലെണ്ണമാണെന്നാവും പല ഹോട്ടലുകളിലും മറുപടി. നാല് ഇഡ്ഡലി കൊണ്ടുവരും, രണ്ടെണ്ണം കഴിച്ച് രണ്ടെണ്ണം ബാക്കി വെക്കും. നാലെണ്ണത്തിന്റെ ബില്ലും നല്‍കണം. ഇതില്‍ രണ്ടു പ്രശ്‌നങ്ങള്‍. ഭക്ഷണം വേസ്റ്റ്, കഴിക്കാത്ത ഭക്ഷണത്തിന്റെ വില നല്‍കേണ്ടിയും വരുന്നു.
ഒരാള്‍ ആഗ്രഹിക്കുന്ന അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയണം എന്നതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്‌ച്ച മന്‍ കി ബാത്തില്‍ പങ്കുവെച്ച ആശങ്ക കണക്കിലെടുത്താണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഇതിനു തയാറെടുക്കുന്നത്.
ഭക്ഷണം വേസ്റ്റാക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. അതിന് ഉദാഹരണങ്ങളും മോദി അവതരിപ്പിച്ചു. ഒരാള്‍ രണ്ടു ചെമ്മീന്‍ കഷണങ്ങളേ കഴിക്കൂ, നിങ്ങള്‍ എന്തിന് ആറു കഷണം വിളമ്പണം? ഒരാള്‍ രണ്ടു ഇഡ്ഡലിയേ കഴിക്കൂ, എന്തിന് നാലെണ്ണം നല്‍കണം? എന്നീ ചോദ്യങ്ങളാണ് മോദി നിരത്തിയത്.
ഒരു സെറ്റ് ഭക്ഷണം എന്നാല്‍ നിശ്ചിതമായ അളവിലാണെന്നും അതില്‍ കുറച്ച് തരാന്‍ പറ്റില്ലെന്നുമാണ് ഹോട്ടലുകളുടെ പതിവ് നിലപാട്. എന്നാല്‍, ഒരാള്‍ ആഗ്രഹിക്കുന്ന അളവില്‍ മാത്രം ഭക്ഷണം നല്‍കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന തരത്തിലാണ് പുതിയ ചട്ടത്തിന് രൂപം നല്‍കുന്നതെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മന്‍ കി ബാത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതിനു ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ഹോട്ടലുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് പസ്വാന്‍ പറഞ്ഞു. ഓരോ വിഭവവും ഏത് അളവിലാണ് വിളമ്പുന്നതെന്ന് അറിയിക്കാനാണ് ആവശ്യപ്പെടുക. ഭക്ഷണം വേസ്റ്റാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പങ്കുവെച്ച ആശങ്ക ഗൗരവമുള്ളതാണ്. നല്‍കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും പസ്വാന്‍ പറഞ്ഞു.
















