കൊച്ചി: തടവുകാര്‍ക്ക് ശിക്ഷായിളവു നല്‍കി ജയില്‍മോചിതരാക്കുന്നതിനെതിരെ തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിട്ടു. തടവുകാര്‍ക്ക് ശിക്ഷായിളവു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഫുള്‍ബെഞ്ചിന്റെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ഈ ഉത്തരവ്.
എന്നാല്‍ ശിക്ഷാ കാലവധി പൂര്‍ത്തിയാക്കാതെ തടവുകാര്‍ക്ക് ഇളവു നല്‍കി ജയില്‍ മോചിതരാക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി മദ്ധ്യവേനലവധിക്കു ശേഷം മേയ് 24 ന് പരിഗണിക്കും.
കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. രാഷ്‌ട്രീയ കൊലപാതകങ്ങളിലുള്‍പ്പെടെ പ്രതികളായവരെ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















