ന്യൂദല്‍ഹി: പതിനെട്ട് ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം സമാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുമായി ബന്ധപ്പെട്ട നാല് ബില്ലുകളും ഇതില്‍ ഉള്‍പ്പെടും. രാത്രി വൈകിയും പ്രവര്‍ത്തിച്ചാണ് ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭ പാസാക്കിയത്.
പിന്നോക്ക കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്ലുകള്‍ പാസാക്കാനായത് സര്‍ക്കാരിന് നേട്ടമായി. ഹുക്കുംദേവ്, ഉമാഭാരതി തുടങ്ങിയ ഒബിസി അംഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തി. മോട്ടോര്‍ വാഹന നിയമഭേദഗതി, ഫാക്ടറീസ് നിയമഭേദഗതി ബില്ലുകളും യാഥാര്‍ത്ഥ്യമായി.
സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക നടപടികളും അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഴുവന്‍ തുകയും ചെലവഴിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് ഇത് ഉപകരിക്കും. ഇത്തവണ ബജറ്റ് അവതരണവും നേരത്തെയാക്കിയിരുന്നു. റെയില്‍, പൊതു ബജറ്റുകള്‍ ഒരുമിച്ചാണ് അവതരിപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇരുസഭകളും അധികസമയം പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും നേതൃത്വമാണ് നേട്ടത്തിന് പിന്നിലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍ പറഞ്ഞു.
ഇരുസഭകളും രാഷ്‌ട്രപതി അഭിസംബോധന ചെയ്തു. 24 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിപ്പിക്കുകയും 23 ബില്ലുകള്‍ പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ 14 ബില്ലുകളും പാസായി. എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി മര്‍ദ്ദിച്ച സംഭവം പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. വിമാനക്കമ്പനികള്‍ എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ചര്‍ച്ചയായി. വ്യോമയാന മന്ത്രാലയത്തിന് മാപ്പ് എഴുതി നല്‍കി പിന്നീട് പ്രശ്‌നം പരിഹരിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണം പ്രതിപക്ഷം സഭയിലും ആവര്‍ത്തിച്ചു. കേരളത്തിലെ സിപിഎം അക്രമവും ചര്‍ച്ചയായി.
















