ചെങ്ങന്നൂര്‍: ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ചെറിയനാട് മാമ്പ്ര വെട്ടത്തുഭവനില്‍ വി.കെ. അഭിലാഷ് കുമാറിന്റെ ഭാര്യ മഞ്ജുമോള്‍ (30)ആണ് എട്ടുമാസം ഗര്‍ഭിണിയായിരിക്കെ വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.
പുലര്‍ച്ചെ 4.45ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് യുവതിയെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ആശുപത്രിയിലെത്തി യുവതിയെ പരിശോധിച്ചു.
വയറുവേദന കൂടിയതോടെ കൂടുതല്‍ പരിശോധനയ്‌ക്കും ശസ്ത്രക്രിയയ്‌ക്കും ഇവിടെ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടിയുടെയും അമ്മയുടെയും സുരക്ഷ കണക്കിലെടുത്ത് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ ഇവരുടെ സ്ഥിതി വഷളാവുകയും വയറ്റില്‍വെച്ചുതന്നെ കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കളും യുവമോര്‍ച്ച പ്രവര്‍ത്തകരുമെത്തി ആശുപത്രി സൂപ്രണ്ടിന്റെ ആഫീസ് ഉപരോധിച്ചത്. പിന്നീട് ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്.
















