ന്യൂദല്‍ഹി: ചാരനെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാതെ പാക്കിസ്ഥാന്‍. ജാദവ് എവിടെയാണെന്നോ ഇപ്പോഴത്തെ സാഹചര്യമെന്താണെന്നോ പാക്കിസ്ഥാന്‍ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ഭാഗ്‌ലെ വ്യക്തമാക്കി.
ജാദവ് നിരപരാധിയാണ്. ഇറാനില്‍ വ്യവസായം നടത്തുകയായിരുന്ന അദ്ദേഹത്തെ ആരോ തട്ടിക്കൊണ്ട് പോയിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ ജാദവിനെ കാണേണ്ടതുണ്ട്. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും പാക്കിസ്ഥാന്‍ അനുമതി നല്‍കിയില്ല. ജാദവില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.
ചാരപ്രവര്‍ത്തനം നടത്തുന്നയാള്‍ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് കൈവശം വെക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വധശിക്ഷ നടപ്പാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഭാഗ്‌ലെ ആവര്‍ത്തിച്ചു.
















