ബെംഗളൂരു: കേരളത്തിലെ ഒരു ചാനല്‍ സിഇഒ അശ്ലീല ടെലിഫോണ്‍ സംഭാഷണ വിവാദത്തില്‍ ജയിലില്‍ കഴിയുന്നതിനു പിന്നാലെ കര്‍ണാടകയിലും സമാനമായ സംഭവം. വന്‍ വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ കന്നഡ ചാനല്‍ ജനശ്രീയുടെ സിഇഒ ലക്ഷ്മിപ്രസാദ് വാജ്‌പേയിയാണ് അറസ്റ്റിലായത്.
അപകീര്‍ത്തികരമായ വാര്‍ത്ത കൈവശമുണ്ടെന്നും സംപ്രേഷണം ചെയ്യാതിരിക്കാന്‍ പതിനഞ്ചു കോടി രൂപ നല്‍കണമെന്നും വ്യവസായിയോട് ലക്ഷ്മിപ്രസാദ് ആവശ്യപ്പെട്ടു എന്നാണ് കേസ്. തുടര്‍ച്ചയായ ഭീഷണികള്‍ക്കു ശേഷം വ്യവസായി പോലീസിനെ സമീപിച്ചു. ആദ്യ ഗഡുവായി പത്തു കോടി നല്‍കാം എന്ന് പോലീസിന്റെ അറിവോടെ സിഇഒയെ അറിയിച്ചു.
പണം കൈമാറിയതിനു തൊട്ടു പിന്നാലെ ചാനല്‍ ഓഫിസ് റെയ്ഡു ചെയ്ത പോലീസ് പണം പിടിച്ചെടുത്തു. ലക്ഷ്മി പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കു വേണ്ടി വ്യവസായിയില്‍ നിന്നു പണം വാങ്ങിയ ആളും അറസ്റ്റിലായി.
















