പള്ളിവാസല്‍ പൈപ്പ് ലൈനിന് മുകളിലുള്ള പാറയില്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നു
തൊടുപുഴ: അടിമാലി-മൂന്നാര്‍ റൂട്ടില്‍ പള്ളിവാസല്‍ പൈപ്പ് ലൈനിനു സമീപം കൂറ്റന്‍ പാറ കൈയേറി കുരിശ് സ്ഥാപിച്ചു. നാല് വര്‍ഷം മുന്‍പ് ഭൂസംരക്ഷണസേന അംഗങ്ങള്‍ ഇതേക്കുറിച്ച് വിവരം നല്‍കിയെങ്കിലും റവന്യൂ അധികാരികള്‍ നടപടിയെടുത്തില്ല. ആറ്റുകാട് പള്ളി അധികൃതരാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്.
ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പള്ളിക്ക് അഭിമുഖമായാണ് കുരിശ്. പള്ളിവാസല്‍ പൈപ്പ്‌ലൈനിന് സമീപം അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകള്‍ ഭാഗത്തെ ഈ റവന്യൂ ഭൂമിയില്‍ പാറ മാത്രമാണുള്ളത്. ഇവിടെ കുരിശ് വച്ച് ആധിപത്യമുറപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മറ്റ് പ്രവൃത്തികള്‍ക്കു മുന്‍പ് കുരിശ് നീക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
















