തന്റെ കാരിക്കേച്ചര്‍ വരച്ച കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊപ്പം മാര്‍ ക്രിസോസ്റ്റം
കൊച്ചി: ‘നൂറുവയസ്സായതിനാല്‍ ഞാന്‍ മരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍, നിങ്ങള്‍ എന്നെ വരച്ചുവെച്ചിരിക്കുന്നത് കാണുമ്പോള്‍ ഇനിയും ജീവിക്കണമെന്ന് കൊതി തോന്നുന്നു.’ ചിരിയുടെ തിരുമേനി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റേതാണ് ഈ വാക്കുകള്‍.
കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി രാജേന്ദ്രമൈതാനിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കാരിക്കേച്ചര്‍ വരയ്‌ക്കാന്‍ പോസ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തും ഏതും സൂക്ഷ്മതയോടെ വിലയിരുത്തുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ മനസ്സ് രാഷ്‌ട്രീയക്കാര്‍ക്കും മത മേലധ്യക്ഷന്മാര്‍ക്കുമുണ്ടായാല്‍ ലോകം നന്നായേനേ. കാര്‍ട്ടൂണിസ്റ്റുകളെ മന്ത്രിമാരാക്കിയാല്‍ ലോകം നന്നാകുമെങ്കിലും മനുഷ്യന്‍ നന്നാകുമോ എന്ന് പറയാന്‍ സാധിക്കില്ല. നിങ്ങളുടെ മുന്നില്‍ ഇരിക്കാന്‍ ഒരേ സമയം പേടിയും സന്തോഷവുമുണ്ട്. ഒരാളെ പ്രസിദ്ധനാക്കാനും നശിപ്പിക്കാനുമൊക്കെ നിങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. കാര്‍ട്ടൂണിസ്റ്റുകളെ പലര്‍ക്കും പേടിയാണ്. അതുപോലെ ബഹുമാനവും, ക്രിസോസ്റ്റം പറഞ്ഞു.
പത്തു കാര്‍ട്ടൂണിസ്റ്റുകളാണ് ഒരേസമയം ക്രിസോസ്റ്റത്തിനെ കാന്‍വാസിലാക്കിയത്. ഒരു കൊച്ചുകുട്ടിയെപ്പോലെ കാര്‍ട്ടൂണ്‍ വരയ്‌ക്കാന്‍ തിരുമേനി അവര്‍ക്ക് മുന്നില്‍ ഇരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരിപാടിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന് പശുവും കിടാവും ചിഹന്മുള്ള കാലത്തെ കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ ഉമ്മന്‍ചാണ്ടി പങ്കുവെച്ചു. കെ. കരുണാകരനും താനുമായി കൊമ്പു കോര്‍ത്തപ്പോള്‍, പശുവായി കരുണാകരനെയും കിടാവായി തന്നെയും ചേര്‍ത്ത് വരച്ച കാര്‍ട്ടൂണ്‍ എന്നും ഓര്‍മ്മിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ ബ്ലെസി, ഹൈബി ഈഡന്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
















