നീലേശ്വരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് നേരെ യത്തീംഖാനയില്‍ നിന്ന് കല്ലെറിഞ്ഞതായി പരാതി. നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശോഭായാത്രക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഉച്ചൂളിക്കുതിരിലെ ബാലകൃഷ്ണന്‍ എന്ന തമ്പാന് (48) തലക്ക് പരിക്കേറ്റു.
ശോഭായാത്ര ആനച്ചാലിലെ യത്തീംഖാനക്ക് മുന്നിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. പിറകില്‍ നിന്നും കല്ല് വന്ന് പതിക്കുകയായിരുന്നു. ചിലര്‍ യത്തീംഖാനയിലേക്ക് ഓടിക്കയറുന്നത് കണ്ടതോടെ ശോഭായാത്ര നിര്‍ത്തിവെച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ നീലേശ്വരം സിഐ യു.പ്രേമന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശോഭായാത്ര വീണ്ടും തുടങ്ങിയത്.
എന്നാല്‍ യത്തീംഖാനയിലെ കുട്ടികള്‍ പരസ്പരം കല്ലെറിഞ്ഞപ്പോള്‍ അബദ്ധത്തില്‍ ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് കൊണ്ടതാണെന്നാണ് പിന്നീട് പോലീസ് നിലപാടെടുത്തത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാഗതസംഘം ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍ സിഐക്ക് പരാതി നല്‍കുയായിരുന്നു.
















