കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്ന് കശ്മീരിലേക്ക് വിനോദസഞ്ചാരത്തിന് പോയ ഡോക്ടര്‍ എം.ലോകേഷ്, ഭാര്യ ഡോ.ബി.എസ്.ഹേമലത മക്കളായ ഒന്‍പത് വയസുകാരി ഖുശി, ഏഴ് വയസുകാരി ഋഷി എന്നിവര്‍ക്ക് പറയാനുള്ളത് മരണത്തെ മുഖാമുഖംകണ്ട നിമിഷങ്ങളെപ്പറ്റി.
കശ്മീരിലെ ഗ്രാന്റ് മംമ്ത ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. രാത്രി എട്ട് മണിയോടെ ഹോട്ടലില്‍ വെള്ളം കയറാന്‍ തുങ്ങി. ഒരടി രണ്ടടി എന്നിങ്ങനെ രാത്രി പന്ത്രണ്ടോടെ രണ്ട് മീറ്ററോളം വെള്ളം താഴത്തെ നിലയിലായി. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ പിന്നീടുള്ള 36 മണിക്കൂര്‍. അവസാനം സൈന്യത്തിന്റെ കാരുണ്യത്തോടെ ഞായറാഴ്‌ച്ച രാത്രിയോടെ കല്‍പ്പറ്റയിലെത്തി.
ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ ലോകേഷ് ഏഴ് വര്‍ഷമായി കല്‍പ്പറ്റയിലാണ് താമസിക്കുന്നത്. ഇവിടെ ഫാത്തിമ മാതാ ആശുപത്രിയിലാണ് ഡോക്ടര്‍ ദമ്പതികള്‍ ജോലിചെയ്യുന്നത്. അഞ്ചിന് വൈകുന്നേരമാണ് ഇവരെക്കൂടാതെ ഒപ്പം ജോലിചെയ്യുന്ന ഡോ.റോജസ്‌സെബാസ്റ്റ്യന്‍ ഭാര്യ സോയ, ഒന്നര വയസ്സുള്ള മണിക്കുട്ടി, ഇവരുടെ ബന്ധുക്കള്‍ എന്നിവരടങ്ങിയ സംഘം കശ്മീരിലേക്ക് പുറപ്പെട്ടത്. ആറിന് രാവിലെ 10.30ന് ബംഗളൂരില്‍നിന്ന് ശ്രീനഗറിലേക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. 2.30ന് ശ്രീനഗറിലിറങ്ങി. ട്രാവല്‍ ഏജന്‍സിയായ ട്രാന്‍സ് ഏഷ്യ ലൈഫ് ഇവിടുത്തെ ഗ്രാന്റ് ഹോട്ടല്‍ മുംതാസിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരുന്നത്. ഇവിടെ വെള്ളംകയറിയതിനാല്‍ താമസം മംമ്തയിലേക്ക് മാറ്റുന്നതായി ട്രാവല്‍ ഏജന്റ് അറിയിച്ചു. കശ്മീരിലെ പ്രളയസ്ഥിതികള്‍ വിലയിരുത്തിയ ട്രാവല്‍ ഏജന്റ് ഇവരെ മുറിയിലാക്കി സ്ഥലംവിട്ടു. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല.
എട്ടിന് ഹോട്ടലില്‍ വെള്ളം കയറിയതോടെ സ്ഥിതിയാകെ മാറി. രണ്ടാം നിലയിലായിരുന്നു ഡോക്ടറുടെയും കുടുംബത്തിന്റെയും താമസം. ഒന്‍പതിന് രാവിലെ ഹോട്ടലിനുള്ളില്‍ ബോട്ടെത്തി നൂറ് മീറ്റര്‍ അകലെയുള്ള റോഡിലേക്ക് ഇവരെ മാറ്റി. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആറ് കിലോമീറ്റര്‍ ലഗ്ഗേജുമായി നടന്ന് രാജ്ഭവനിലെത്തി.
സംസ്ഥാനസര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ ഇവരെ തടഞ്ഞു. മൂന്ന് മണിക്കൂറിനുശേഷം കശ്മീര്‍ പോലീസെത്തി ലാത്തിച്ചാര്‍ജ് ചെയ്താണ് ഇവരെ മോചിപ്പിച്ചത്. മൂന്ന് മണിയോടെ രാജ്ഭവനിലെ ഗോള്‍ഫ് ഗ്രൗണ്ടില്‍ അന്‍പതോളം വരുന്ന സംഘം വിശ്രമിച്ചു. ഇതിനിടെ പലരും ഉറങ്ങിക്കഴിഞ്ഞിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ ഹെലിപ്പാഡിനടുത്ത് എത്തിയെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടം ഗ്രൗണ്ടിലേക്കോടിയടുത്തതിനാല്‍ ഹെലിക്കോപ്ടറിന് ഗ്രൗണ്ടിലിറങ്ങാനായില്ല. പലതവണ ഹെലിക്കോപ്ടര്‍ നിലത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും എല്ലാം പാഴായി. ഇതിനിടെ ഭക്ഷണവും ടോയ്‌ലെറ്റ് സൗകര്യവുമില്ലാതെ സഞ്ചാരികള്‍ കുഴഞ്ഞുപോയി. രാജ്ഭവനിലെ പച്ച ആപ്പിള്‍ പറിച്ച് രണ്ടും നാലും കഷണങ്ങളാക്കി വീതിച്ചെടുത്ത് ഭക്ഷിക്കുകയായിരുന്നു സഞ്ചാരികള്‍. കൊടുംതണുപ്പില്‍ തറയില്‍ കിടന്നുറങ്ങേണ്ടതായും വന്നു.
ഒന്‍പതിന് രാവിലെ മുതല്‍ പത്തിന് വൈകുന്നരം വരെ മുഴുപ്പട്ടിണിയായിരുന്നു. രാത്രി പതിനൊന്നോടെ ഹെലിപ്പാഡിലുള്ള ക്യൂവില്‍ നിലയുറപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ജനം അതും കൂട്ടാക്കിയില്ല. പതിനൊന്നാം തീയതി ഉച്ചക്ക് ഹെലിക്കോപ്ടര്‍ ലഭിക്കാതെ സംഘം കാല്‍നടയായി സിആര്‍പിഎഫ് ക്യാമ്പിലെത്തി. അവിടെനിന്നും കുട്ടികള്‍ക്ക് രണ്ട് കഷണം റൊട്ടി വീതം സംഘം നല്‍കി ഇവരെ ക്യാമ്പിലേക്ക് വെള്ളം കയറ്റിവന്ന വാഹനത്തില്‍ തിരികെ കയറ്റിവിട്ടു. ഇതിനിടെ സൈന്യം സ്ഥലത്തെത്തിയതോടെ ആവശ്യത്തിന് വെള്ളം, പാല്‍, ബ്രഡ്, പഴം, ബിസ്‌ക്കറ്റ് എന്നിവ മുഴുവന്‍ സഞ്ചാരികള്‍ക്കും ലഭിച്ചു. സൈന്യത്തിന്റെ കര്‍ശന ഇടപെടലുണ്ടായതോടെ ഹെലിക്കോപ്ടര്‍ നിലത്തിറക്കുവാനും ശ്രീനഗര്‍ എയര്‍പോര്‍ട്ടിലേക്ക് സഞ്ചാരികളെ എത്തിക്കാനും കഴിഞ്ഞു. പതിനൊന്നിന് രാത്രി കാര്‍ഗോയില്‍ അഞ്ഞൂറോളം വരുന്ന സഞ്ചാരികളെ സൈന്യം ചണ്ടീഗണ്ഡിലെത്തിച്ചു. ചണ്ടീഗഢില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സൈന്യം സുഭിക്ഷമായ ഭക്ഷണസൗകര്യം ഒരുക്കിയിരുന്നു. പലരും ഒരുദിവസം ചണ്ടീഗഢില്‍ താമസിച്ചാണ് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്ക് പോയത്. ലോകേഷും കുടുംബവും പന്ത്രണ്ടിന് രാത്രി ബംഗളൂരു വിമാനത്താവളത്തിലെത്തി ബംഗളൂരുള്ള സ്വന്തം വീട്ടില്‍ ഒരുദിവസം താമസിച്ച് ഞായറാഴ്‌ച്ച രാത്രി വയനാട്ടിലെത്തി. ജീവിതവും മരണവും നേരില്‍ കണ്ട മൂഹൂര്‍ത്തങ്ങളില്‍ ദൈവം മാത്രമായിരുന്നു തുണയെന്നും സൈന്യത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് തങ്ങള്‍ക്ക് ജീവന്‍ ചിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍ ലോകേഷ് പറഞ്ഞു.
കെ.സജീവന്‍
















