കാക്കനാട് (കൊച്ചി): പതിനേഴുവര്‍ഷമായി ഒരമ്മ മകന്റെ എസ്എസ്എല്‍സി ബുക്കില്‍ കടന്നു കൂടിയ തെറ്റ് തിരുത്താന്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ നെട്ടോട്ടമോടുകയായിരുന്നു. അതും അധികൃതരുടെ അശ്രദ്ധകൊണ്ടുണ്ടായ പിഴവ് തിരുത്താന്‍.
ഇതിനോടകം റവന്യൂ അധികാരികളുടെ ആട്ടും ,തുപ്പും ഏറെ സഹിക്കേണ്ടിവന്നു. കൈക്കൂലി ചോദിച്ച് വാങ്ങിയവരും കൂടുതല്‍ കൊടുക്കാത്തതിനു ദേഷ്യപ്പെട്ടവരും വേറെ. നീതി കിട്ടാന്‍ വേണ്ടി രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി ,തിരുത്തല്‍ രേഖപ്പെടുത്തണമെന്ന് 2010 ലും 2012 ലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും നടപടിയായില്ല.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിനിയായ ശശിലേഖയുടെ മകനിപ്പോള്‍ രാജ്യത്തിനുവേണ്ടി സൈനിക സേവനം ചെയ്യുകയാണ്. 1997 ല്‍ പത്താം ക്ലാസ് പാസായപ്പോള്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റില്‍ ജാതിപ്പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതരെ സമീപിച്ചപ്പോള്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന് മറുപടി. ഡിഇഒ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, പരീക്ഷാഭവന്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങിയിട്ടും ഫലമില്ല.
എളംകുളം വില്ലേജ് ആഫീസില്‍ നിന്നും അപേക്ഷ കണയന്നൂര്‍ താലൂക്ക്, അവിടെ നിന്നും എഡിഎം, ജില്ലാ കളക്ടര്‍ എന്നുവേണ്ട എല്ലാ ഉദേ്യാഗസ്ഥരുടെയും മുന്‍പിലും ഈ അമ്മ മകനുവേണ്ടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കാര്യം ശരിയാക്കാമെന്നു പറഞ്ഞു വില്ലേജ് ആഫീസ് മുതലുള്ളവര്‍ കൈക്കൂലിയും വാങ്ങിയതായി ഇവര്‍ പറഞ്ഞു.
ഭര്‍ത്താവുമായി പിരിഞ്ഞ ശശിലേഖ ഈഴവ സമുദായത്തിലും, ഭര്‍ത്താവ് നായര്‍ സമുദായത്തിലും പെട്ടവരാണ്. എന്നാല്‍ മകന്റെ ബുക്കിലെ ജാതിപ്പേര് ‘വിശ്വകര്‍മ’ എന്ന് തെറ്റായി ചേര്‍ത്തത് തിരുത്താനാണ് ഈയമ്മ പത്തു വര്‍ഷമായി റവന്യൂ അധികാരികളുടെ കാരുണ്യത്തിനായി അലഞ്ഞത്. വിശ്വകര്‍മ സമുദായത്തിന്റെ ആനുകൂല്യം പോലും വാങ്ങാതെ പിതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയ അപേക്ഷ പോലും വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളഞ്ഞു.
എന്നാല്‍ 2010 ലെ കേരള സര്‍ക്കാരും ,റീത്താ തോമസ്സും തമ്മിലുള്ള വ്യവഹാരം ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ആഫീസര്‍ക്ക് ഇതിന്മേല്‍ നടപടിയെടുക്കാമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും തിരുത്തലിനു വേണ്ടി കൂടുതല്‍ നടത്തിയതല്ലാതെ ഒരു നടപടിയും കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.
ആറു മാസം മുന്‍പ് ജില്ലാ കലക്ട്ടറെ കണ്ട് സങ്കടം ബോധിപ്പിച്ചു. ആരില്‍ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതി പരിശോധിച്ച കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കമ്മീഷന്റെ കത്തുമായി കഴിഞ്ഞ ദിവസം ശശിലേഖ ജില്ലാ കലക്ട്ടറെ കണ്ടു. രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യുമെന്നു കളക്ടര്‍ ഉറപ്പു നല്കിയതായി അവര്‍ പറഞ്ഞു.
സൗഭാഗ്യം പദ്മകുമാര്‍
















