തൊടുപുഴ: നാലു വര്‍ഷം മുന്‍പ് അമ്മയെ മരണം കവര്‍ന്നു… രണ്ട് ദിവസം മുന്‍പ് അച്ഛനെയും…. ഇനിയുള്ള ജീവിതം ഒറ്റയ്‌ക്കാണെന്ന് അവള്‍ക്കറിയില്ല… ഒന്നു കരയാന്‍ പോലും വയ്യാതെ കഴിയുകയാണ് തൊടുപുഴ ആനക്കൂട്കവല കൃഷ്ണനിവാസില്‍ രാജഗോപാലിന്റെ മകള്‍ ശരണ്യ.
നാല് വര്‍ഷം മുന്‍പാണ് ശരണ്യയുടെ അമ്മ ഉമ അസുഖം ബാധിച്ച് മരിച്ചത്. ഇതോടെ അച്ഛന്‍ രാജഗോപാലാണ് ബുദ്ധി വൈകല്യമുള്ള ശരണ്യയെ വളര്‍ത്തിയത്. രാജഗോപാല്‍ രണ്ടാമത് വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികകാലം ഉണ്ടായില്ല. വിധിയുടെ ക്രൂരതയില്‍ മകളെ പരിചരിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് രാജഗോപാല്‍ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അച്ഛന്‍ മരിച്ചതറിയാതെ ശരണ്യ കഴിഞ്ഞു. രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകം രാജഗോപാലിന്റെ മരണം അറിയുന്നത്.
വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ് സംഘം വീടിനുള്ളില്‍ കടന്നപ്പോള്‍ കണ്ടകാഴ്ച കരളലിയിക്കുന്നതായിരുന്നു. അച്ഛനെ കുലുക്കി വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മകള്‍… അച്ഛനെ മരണം കീഴടക്കിയത് അവളറിഞ്ഞില്ല. മുതലക്കോടം പ്രതീക്ഷാഭവനിലെ ജീവനക്കാരെത്തി ശരണ്യയെ കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാജഗോപാലിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതീക്ഷാഭവന്‍ അധികൃതര്‍ ശരണ്യയെയും എത്തിച്ചു. ഇപ്പോള്‍ പ്രതീക്ഷാഭവനാണ് ശരണ്യയുടെ വാസസ്ഥലം. രാജഗോപാലിന്റെ ബന്ധുക്കള്‍ ശരണ്യയെ ഏറ്റെടുത്തില്ലെങ്കില്‍ ഇനിയുള്ള കാലം ശരണ്യയ്‌ക്ക് തണലൊരുക്കുന്നതിനും പ്രതീക്ഷാഭവന്‍ അധികൃതര്‍ക്ക് വൈമനസ്യമില്ല.
സ്വന്തം ലേഖകന്‍
















